ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ സ്വര്‍ണ സമ്പത്ത് നിക്ഷേപിച്ച് പ്രതിവര്‍ഷം ₹17.76 കോടി രൂപയുടെ പലിശ വരുമാനം നേടുന്നു. സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളുടെ കണക്കുകളാണ് ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി.കെ. ശേഖര്‍ ബാബു പങ്കുവച്ചത്.
ക്ഷേത്രങ്ങള്‍ക്ക് സംഭാവനയായി ലഭിച്ചതും ഉപയോഗശൂന്യമായി കിടന്നതുമായ 1,074 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി ബാറുകളാക്കി, അതത് ക്ഷേത്രങ്ങളുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ (Gold Monetisation Scheme) നിക്ഷേപിച്ചിട്ടുണ്ട്.
കാഞ്ചീപുരം ശ്രീ കാമാക്ഷി അമ്മന്‍ ക്ഷേത്രം, കുന്ദ്രത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുവിടന്തൈ നിത്യകല്യാണപ്പെരുമാള്‍ ക്ഷേത്രം, തിരുമലവൈയ്യാവൂര്‍ പ്രസന്ന വെങ്കിടേശ പെരുമാള്‍ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളില്‍ നിന്നായി 53.38 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം ബാങ്കിന് കൈമാറി.
ഈ ചടങ്ങില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി ദൊറൈസ്വാമി രാജു, സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. ക്ഷേത്ര സ്വര്‍ണത്തിന്റെ ഫലപ്രദമായ വിനിയോഗത്തിലൂടെ ക്ഷേത്രങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
