വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്‍റെ മുഖം ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആയിരിക്കും. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകും എന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് പ്രഖ്യാപിച്ചു. പട്‌നയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ തുടര്‍ന്ന്, പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അശോക് ഗെഹലോട്ടിനെ പട്‌നയിലേക്ക് അയച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മുന്നണി തീരുമാനിച്ചു.
“പ്രതിബദ്ധതയുമുള്ള യുവാവായ തേജസ്വി യാദവിനെയാണ് മുഖ്യമന്ത്രിസ്ഥാനം നല്‍കി മുന്നോട്ട് വെക്കുന്നത്. ബിജെപിയെ വെല്ലുവിളിക്കാന്‍ ഇന്ത്യാ മുന്നണി തയ്യാറാണ്. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണം,” എന്നും ഗെഹലോട്ട് പറഞ്ഞു.
രാജ്യം മുഴുവന്‍ ബിഹാറിലെ രാഷ്ട്രീയ വികസനങ്ങളെ ഉറ്റുനോക്കുകയാണെന്നും, ഇത്തവണ സംസ്ഥാനത്ത് മാറ്റം ഉണ്ടാകും എന്ന ആത്മവിശ്വാസവും ഗെഹലോട്ട് പ്രകടിപ്പിച്ചു. അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി യാദവ്, സഖ്യകക്ഷികളോടുള്ള നന്ദി രേഖപ്പെടുത്തി. “ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് എല്ലാ തിരഞ്ഞെടുപ്പിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇത്തവണ അതില്‍ നിന്ന് ബിജെപി പിൻമാറിയതിന്റെ കാരണം വ്യക്തമാക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
തേജസ്വി രാഘവ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.
ബിഹാറില്‍ വോട്ടെടുപ്പ് നവംബര്‍ 6നും 11നും ഘട്ടങ്ങളായി നടക്കും.
നവംബര്‍ 14ന് വോട്ടെണ്ണല്‍ നടക്കും.
