പത്തനംതിട്ട: ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാർ കൈക്കലാക്കുന്നുവെന്ന വ്യാജ പ്രചാരണം ചിലർ ഇപ്പോഴും നടത്തുന്നുണ്ടെന്നും, സർക്കാർ പല തവണ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര വരുമാനം പിടിച്ചെടുക്കുന്നില്ലെന്നതിലുപരി, സർക്കാർ തന്നെ ദേവസ്വം ബോർഡുകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും, അതുകൊണ്ടാണ് വരുമാനം കുറവുള്ള ക്ഷേത്രങ്ങളിലും അന്തിത്തിരി തെളിഞ്ഞു നിൽക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2011 മുതൽ 2025 വരെ ശബരിമലയും മറ്റ് ദേവസ്വം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന-ആധുനികവൽക്കരണ പദ്ധതികൾക്കായി സർക്കാർ ചെലവഴിച്ചും അനുവദിച്ചും കോടിക്കണക്കിന് രൂപകളുടെ വിശദാംശങ്ങളും അദ്ദേഹം പ്രസംഗത്തിൽ അവതരിപ്പിച്ചു.
