കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച പി.കെ ശ്യാമളയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ വിമത നീക്കത്തിന് സാധ്യത ഉയരുന്നു. ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് ശ്യാമളയ്‌ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ഇതിനിടെ സിപിഎം കോട്ടയായ പയ്യന്നൂരിലും പാർട്ടിക്കുള്ളിലെ അസന്തോഷം പുറത്തുവന്നിട്ടുണ്ട്. നിലവിലെ സ്ഥാനാർഥി ടി.ഐ മധുസൂദനനെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പാർട്ടിക്കുള്ളിൽ നേരത്തെ ഉയർത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ടി.ഐ മധുസൂദനനെ സ്ഥാനാർഥിയാക്കിയതിനെതിരെ ശക്തമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. ഒരു ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ ശൈലിയാണ് മധുസൂദനന്റേതെന്നും, രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ് നടത്തിയ ഒരാളെ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് എതിരെയല്ലെന്നും, സിപിഎമ്മിനെ മാഫിയാ സ്വാധീനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ യുഡിഎഫുമായോ കോൺഗ്രസുമായോ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
