തലസ്ഥാനത്ത് തീപാറും പോരാട്ടം; മേയർ ആര്യ രാജേന്ദ്രൻ മത്സരരംഗത്ത് ഇല്ല

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാന നഗരസഭയിലെ ഭരണപോറാട്ടം ഈ തവണ അത്യന്തം ആവേശകരമാകുമെന്ന് വ്യക്തമാകുന്നു. സി.പി.എം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതോടെ മത്സരരംഗം പൂർണ്ണമായി ചൂടുപിടിച്ചു. 3 ഏരിയ സെക്രട്ടറിമാരടക്കം ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി ശക്തമായ നിരയുമായി എൽ.ഡി.എഫ് രംഗത്തിറങ്ങിയിരിക്കുകയാണ്.

പേട്ടയിൽ എസ്.പി ദീപക്, വഞ്ചിയൂരിൽ വഞ്ചിയൂർ ബാബു, ചാക്കയിൽ ശ്രീകുമാർ, പുന്നയ്ക്കാമുഗളിൽ ശിവജി ആർ.പി, കുന്നുകുഴിയിൽ ബിനു ഐ.പി, ജഗതിയിൽ പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ശ്രദ്ധേയ സ്ഥാനാർഥികളാണ്. എന്നാൽ നിലവിലെ മേയർ ആര്യ രാജേന്ദ്രൻ പട്ടികയിൽ ഇല്ല എന്നതാണ് പ്രധാന ശ്രദ്ധേയത. സ്ഥാനാർഥി പ്രഖ്യാപന വേദിയിലും ആര്യ രാജേന്ദ്രൻ ഉണ്ടായിരുന്നില്ല. മേയർ കോഴിക്കോട് ആയതിനാലാണ് പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ വ്യക്തമാക്കി.

93 സീറ്റുകളിലേക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സി.പി.എം 70 സീറ്റിലും സി.പി.ഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദൾ (എസ്) 2, കേരള കോൺഗ്രസ് (എം) 3, ആർജെഡി 3 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള ഘടകകക്ഷികൾ ഓരോ സീറ്റുകളിലായി മത്സരിക്കും.

കോൺഗ്രസും ബിജെപിയും പ്രധാന സ്ഥാനാർഥികളുമായി നേരത്തെ പട്ടിക പുറത്തുവിട്ടിരുന്നു. അതിനാൽ ഈ തവണ തലസ്ഥാന നഗരസഭയിലെ പോരാട്ടം തീപാറും ത്രികോണ മത്സരമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

malayalampulse

malayalampulse