തൃശൂരിൽ ലുലു മാൾ വൈകുന്നത് രാഷ്ട്രീയ ഇടപെടൽ കാരണമെന്ന് എം.എ യൂസഫലി

തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആരോപിച്ചു. രണ്ടര വർഷം മുൻപ് തന്നെ പ്രവർത്തനം ആരംഭിക്കേണ്ട പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള വ്യക്തി നൽകിയ അനാവശ്യ കേസിന്റെ പേരിൽ തടസ്സപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

3000 പേർക്ക് തൊഴിൽ ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിംഗ് മാൾ വഴി മുന്നോട്ട് വെച്ചതെന്നും യൂസഫലി കൂട്ടിച്ചേർത്തു. തൃശ്ശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച ഘട്ടത്തിലായിരുന്നു കേസെത്തിയത്. ഇപ്പോഴും കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ടര വർഷമായി കേസ് തുടരുകയാണെന്നും, “ഈ രാജ്യത്ത് ബിസിനസ് മുന്നോട്ട് പോകണമെങ്കിൽ പലവിധ തടസ്സങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരും. അവ മാറിയാൽ തൃശൂരിൽ ലുലുവിന്റെ മാൾ എത്തും,” — യൂസഫലി പറഞ്ഞു.

“ഒരുപാട് ബിസിനസുകാരുടെ പാദസ്പർശം കൊണ്ടാണ് തൃശൂർ അനുഗ്രഹീതമായത്. കേരളത്തിലെ എല്ലാ പ്രമുഖ വ്യവസായികളും തൃശൂരിന്റെ സംഭാവനയാണ്,” — അദ്ദേഹം ഓർമിപ്പിച്ചു. പുതിയ തലമുറയ്ക്കായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ കരുതിവയ്ക്കുന്ന സാംസ്കാരിക-പ്രൊഫഷണൽ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം യുവജനങ്ങളെ ഉപദേശിച്ചു.

Advertisement
malayalampulse

malayalampulse