തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ (TTD) വൻ അഴിമതി നടന്ന് വന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്ന ദുപ്പട്ട വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. 350 രൂപ വിലയുള്ള ദുപ്പട്ട 1300 രൂപയ്ക്ക് വിറ്റതിലൂടെ വലിയ തോതിൽ സാമ്പത്തിക നഷ്ടമാണ് ട്രസ്റ്റിന് സംഭവിച്ചത്.
2015 മുതൽ 2025 വരെ നീണ്ട ഒരു ദശാബ്ദക്കാലത്തിനിടെ മൊത്തത്തിൽ 54 കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ മൾബറി സിൽക്ക് ദുപ്പട്ടയെന്ന പേരിൽ യഥാർത്ഥത്തിൽ പോളിസ്റ്റർ ദുപ്പട്ടകൾ മാത്രമാണ് ഭക്തർക്കു വിറ്റത്.
ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ബി. ആർ. നായിഡുവിന്റെ നേതൃത്വത്തിൽ നടന്ന ആഭ്യന്തര അന്വേഷണത്തിലാണ് ഈ ക്രമക്കേട് പുറത്ത് വന്നത്. വിൽപ്പന വിഭാഗം, വിതരണക്കാർ, ഉൾപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട വിശദമായ പരിശോധനകളും നിലവിൽ തുടരുന്നു.
