ഇന്നത്തെ പ്രധാന വാർത്തകൾ (22 സെപ്റ്റംബർ 2025)

രാജ്യത്ത് ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ

രാജ്യത്ത് ഇന്ന് മുതൽ പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ. 5%, 18%, 40% എന്നീ മൂന്ന് സ്ലാബുകൾ മാത്രമായി ചുരുക്കിയതാണ് പുതിയ നയം.

മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തു. “ജിഎസ്ടി സേവിംഗ്സ് ഉത്സവം” നാളെ മുതൽ ആരംഭിക്കുമെന്നും സാധാരണക്കാർക്കും, മധ്യവർഗത്തിനും, കർഷകർക്കും ആശ്വാസം നൽകുന്ന പരിഷ്കാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് തുടക്കം

സിപിഐ 25-ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിച്ചു. രാവിലെ പത്തു മണിക്ക് ഉദ്ഘാടന സമ്മേളനം നടന്നു. സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി, ഇടത് നേതാക്കൾ, വിദേശ നയതന്ത്ര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. പ്രായപരിധി വിഷയത്തിൽ കേരള ഘടകം കർശന നിലപാട് തുടരുന്നു.

യുഎസ്: എച്ച്-1ബി വിസയ്ക്ക് ഉയർന്ന ഫീസ്

അമേരിക്കയിൽ ഇന്ന് മുതൽ H1B വിസയ്ക്കുള്ള പുതിയ ഫീസ് പ്രാബല്യത്തിൽ. പുതിയ അപേക്ഷകൾക്ക് 1 ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് അടയ്‌ക്കണം. നിലവിലെ വിസകൾക്ക് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇന്ത്യൻ ഐടി മേഖലയിൽ പ്രത്യാഘാതമുണ്ടാകുമെന്ന് യു.എസ്. ചേംബർ ഓഫ് കോമേഴ്‌സ് ആശങ്ക രേഖപ്പെടുത്തി.

ദൃശ്യം 3 പൂജ ഇന്ന് എറണാകുളത്ത്

മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 3 സിനിമയുടെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. ദാദാ സാഹിബ് ഫാൽക്കേ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ പങ്കെടുക്കുന്ന ആദ്യ സിനിമയാണ് ഇത്.

നാളെ ദില്ലിയിൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാനായി താരം യാത്ര തിരിക്കും.

പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് ഇന്ന്

പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിനുള്ള അന്തിമ ഉത്തരവ് ഇന്ന് ഹൈക്കോടതി പറയും. ഗതാഗതക്കുരുക്കിനെ തുടർന്ന് ഒരു മാസം മുമ്പ് കോടതി ഇടക്കാലത്തേക്ക് ടോൾ പിരിവ് തടഞ്ഞിരുന്നു.

ഐ.എ.എസ് നിയമനം, സ്ഥലംമാറ്റം: ഹർജി ഹൈക്കോടതി പരിഗണിക്കും

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാനത്തിന് കൂടുതൽ അധികാരം വേണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിവിൽ സർവീസ് ബോർഡിന്‍റെ അനുമതി സംബന്ധിച്ച മുൻ ഉത്തരവാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് കൊച്ചിയിലെ കോടതി വീണ്ടും പരിഗണിക്കും. അന്തിമവാദം പൂർത്തിയായ കേസിൽ പ്രോസിക്യൂഷന്റെ സംശയനിവാരണ വാദം തുടരുകയാണ്. പ്രതികളിൽ നടൻ ദിലീപ് എട്ടാമത്തെയാളാണ്.

അമീബിക് മസ്തിഷ്കജ്വരം: ഒൻപത് പേർ ചികിത്സയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മരിച്ച ചാവക്കാട് സ്വദേശിയുടെ വീട്ടുവളപ്പിലും ജലാശയങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി.

കൗൺസിലർ അനിൽ കുമാറിന്റെ ആത്മഹത്യ: ബിജെപിയുടെ മാർച്ച്

തിരുവനന്തപുരം കൗൺസിലർ അനിൽ കുമാറിന്റെ ആത്മഹത്യയിൽ പോലീസും സിപിഎമ്മും ഗൂഡാലോചന നടത്തിയതായി ആരോപിച്ച് ബിജെപി ഇന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. സാമ്പത്തിക ക്രമക്കേടുകളിലെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ ആരോപണം.

malayalampulse

malayalampulse