രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ

ഡൽഹി: 2026–27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നാളെ പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. നിർണ്ണായക പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചാണ് രാജ്യം ബജറ്റിലേക്ക് ഉറ്റുനോക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ബജറ്റിൽ സംസ്ഥാനങ്ങൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്. കേരളത്തിന്റെ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ എന്നതാണ് പ്രധാന ആകാംക്ഷ. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയും ശബരി റെയിൽവേ പാതയും ഇത്തവണത്തെ ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

ട്രംപിന്റെ തീരുവ ഭീഷണിയും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്തെ കയറ്റുമതി–ഇറക്കുമതി മേഖലയെ ബജറ്റ് എങ്ങനെ പരിഗണിക്കുമെന്നതിലും വ്യാപാര രംഗം ആകാംക്ഷയിലാണ്.

ചെറുകിട വ്യവസായ മേഖലയ്ക്കും കാർഷിക രംഗത്തിനും ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക മേഖല വളർച്ചയുടെ പാതയിലാണെന്ന ഐ.എം.എഫ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും ശ്രദ്ധേയമാണ്. കൂടുതൽ സ്വകാര്യവത്കരണ നടപടികൾക്ക് ബജറ്റ് വഴിയൊരുക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. റെയിൽവേ, ആരോഗ്യം തുടങ്ങിയ മേഖലകളിലും വിപുലമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

കേരളവും ബജറ്റിനെ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. സംസ്ഥാനത്തെ യാത്രാദുരിതത്തിന് അറുതി വരുത്താൻ അതിവേഗ റെയിൽപാത അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമോ എന്നതാണ് മുഖ്യ ആകാംക്ഷ. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഹൈസ്പീഡ് റെയിലിന് പുറമേ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ശബരി റെയിൽപാതയുടെ പുനരുജ്ജീവനവും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നു. ശബരി പാതയുമായി ബന്ധപ്പെട്ട മരവിപ്പ് അടുത്തിടെ കേന്ദ്രം നീക്കിയിരുന്നു. വിഴിഞ്ഞം തുറമുഖം, എയിംസ് ഉൾപ്പെടെയുള്ള പദ്ധതികളിലും കേരളം വലിയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്ന ഘട്ടത്തിൽ ഇത്തവണ കേരളത്തിന് കാര്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.

malayalampulse

malayalampulse