36,000 അടി ഉയരത്തിൽ വിമാനം, പെട്ടന്ന് അജ്ഞാത വസ്തു ഇടിച്ചു കയറി, ചില്ല്‌ തകർന്ന് പൈലറ്റിന് പരിക്ക്

ന്യൂയോ‍ർക്ക്: അമേരിക്കയിലെ ഡെൻവറിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ പറക്കുന്നതിനിടെ 36,000 അടി ഉയരത്തിൽവച്ച്‌ വിമാനത്തിന്‍റെ വിൻഷീൽഡിൽ അജ്ഞാത വസ്തു ഇടിച്ച് കയറി അപകടം. യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. സാൾട്ട് ലേക്ക് സിറ്റിയിൽ ആണ് വിമാനം എമ‍ർജൻസി ലാൻഡ് ചെയ്തത്. വിൻഡ്‌ ഷീല്‍ഡ്‌ തക‍ർന്ന് അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു. 134 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വിമാനം 36,000 അടി ഉയരത്തിൽ എത്തിയപ്പോൾ ഒരു അജ്ഞാത വസ്തു മുന്നിലെ ചില്ലിൽ ഇടിച്ചു കയറി എന്നാണ് റിപ്പോർട്ടുകൾ. ചില്ല്‌ പൊട്ടിയതോടെ 26,000 അടി താഴേക്കുകൊണ്ടുപോയ വിമാനം സാൾട്ട്‌ലേക്ക്‌ സിറ്റി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. അജ്ഞാത വസ്തു വിൻഡ് ഷീൽഡിലൂടെ ഇടിച്ചു കയറി പൈലറ്റി് പരിക്കേറ്റ് കൈകളിൽ നിന്ന് രക്തം പൊടിയുന്ന പൈലറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകള്‍ തറച്ചാണ് പൈലറ്റിന് പരിക്കേറ്റത്. ഡാഷ്‌ബോർഡിലും കോക്ക്പിറ്റിലും തകർന്ന ഗ്ലാസ് വീണു കിടക്കുന്നതും  പുറത്തുവന്ന ചിത്രങ്ങളിൽ കാണാം.

അപകടകാരണം ഇതുവരെ വ്യക്തമല്ല. മർദ വ്യത്യാസം, പക്ഷി ഇടിക്കല്‍ തുടങ്ങിയ സാഹചര്യങ്ങൾ ചെറുക്കാൻ പര്യാപ്‌തമായവയാണ്‌ വിമാനത്തിന്റെ വിൻഡ്‌ ഷീല്‍ഡുകൾ. അതുകൊണ്ടുതന്നെ ബഹിരാകാശ അവശിഷ്ടങ്ങളോ ചെറിയ ഉൽക്കാശിലയോ ആയിരിക്കാം അപകടമുണ്ടാക്കിയതെന്നാണ്‌ വിലയിരുത്തൽ. അതേസമയം യാത്രക്കാർക്ക് ലൊസാഞ്ചൽസിലേയ്ക്ക് പോകാനായി മറ്റൊരു വിമാനം ഏർപ്പാടു ചെയ്തെന്നും വിമാനത്തിന്റെ കേടുപാടുകൾ പരിശോധിക്കുകയാണെന്നും യുണൈറ്റഡ് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

malayalampulse

malayalampulse