‘എന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നില്‍ വരും’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കു നേരെ ചെരിപ്പേറ്, തട്ടിയത് രണ്ടു കിലോ സ്വര്‍ണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് 

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്ന് ആരോപിച്ചു. “തന്നെ കുടുക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,” എന്ന് റാന്നി കോടതിയില്‍ നിന്നു പുറത്തേക്കു വരുമ്പോള്‍ പോറ്റി പ്രതികരിച്ചു.

റാന്നി കോടതിയില്‍ 13 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. ആ സമയത്ത് തന്നെ “കുടുക്കിയതാണെന്ന്” വിളിച്ചു പറഞ്ഞുകൊണ്ടാണ് പോറ്റി വാഹനം കയറുന്നത്.

കോടതിയില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ പോറ്റിക്കെതിരെ പ്രതിഷേധം ഉണ്ടായു. ഒരു ബിജെപി പ്രാദേശിക നേതാവ് ചെരിപ്പെറിഞ്ഞു പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് പൊലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പോറ്റിയെ ആദ്യം പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കും തുടര്‍ന്ന് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്കും കൊണ്ടുപോകാനാണ് തീരുമാനം.

ശബരിമലയിലെ സ്വര്‍ണം കൈവശപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടന്നതായി എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടുകിലോ സ്വര്‍ണം കൈവശപ്പെടുത്തിയതായും, ചെന്നൈയിലെ “സ്മാര്‍ട്ട് ക്രിയേഷന്‍സ്” കമ്പനിയുടെ സഹകരണത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ളവരുടെ ഒത്താശയോടെയാണ് ഈ പ്രവര്‍ത്തനം നടന്നതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ചെമ്പുപാളികളില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണം അറ്റകുറ്റപ്പണിയെന്ന പേരില്‍ അനധികൃതമായി നീക്കംചെയ്ത് കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കാണ് മാറ്റിയത്. അതില്‍ ഒരു ഭാഗം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

malayalampulse

malayalampulse