ന്യൂയോർക്ക്: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UNSC) അപലപിച്ചു. യുഎസ്സിന്റെ പിന്തുണയോടെയാണ് അപലപനം. ഖത്തറിന്റെ പരമാധികാരത്തെ പിന്തുണച്ച് കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഗാസ സംഘർഷത്തിൽ ഖത്തർ വഹിക്കുന്ന മധ്യസ്ഥ പങ്ക് പ്രശംസിക്കുകയും ചെയ്തു. എന്നാൽ പ്രസ്താവനയിൽ ഇസ്രായേലിന്റെ പേര് പരാമർശിച്ചിട്ടില്ല.
യുകെ ശക്തമായി പ്രതികരിച്ചു. ദോഹക്കെതിരായ ആക്രമണം ഖത്തറിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് യുകെയുടെ യുഎൻ പ്രതിനിധി ബാർബറ വുഡ്‌വാർഡ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക സഹായം വർദ്ധിപ്പിക്കണമെന്നും യുകെ നിർദ്ദേശിച്ചു.
“ഹമാസ് ഭരണം നടത്താൻ പാടില്ല. അവർ ആയുധം താഴെ വെച്ച് ഉടൻ വെടിനിർത്തൽ കരാർ ഒപ്പിടണം,” യുകെ നിലപാട് വ്യക്തമാക്കി. ഓരോ ദിവസം കടന്നുപോകുന്തോറും ബന്ദികളുടെ കഷ്ടം വർദ്ധിക്കുന്നുവെന്നും ഗാസയിലെ പട്ടിണിയും ദുരിതവും അവസാനിപ്പിക്കേണ്ടത് അടിയന്തരമാണെന്നും യു.കെ വ്യക്തമാക്കി. ഖത്തർ, അമേരിക്ക, ഈജിപ്ത് നടത്തുന്ന സമാധാനശ്രമങ്ങൾക്ക് യുകെ പിന്തുണ അറിയിച്ചു.
