ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ചിലവഴിച്ചെന്ന് ടിഎംസി; സ്വന്തം എംപിമാരെ കുറിച്ച് അസംബന്ധം വിളിച്ചു പറയുന്നുവെന്ന് ബിജെപി

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തോൽവിയില്‍ പ്രതിപക്ഷത്ത് അതൃപ്തി കടുത്തു. എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു. “എംപിമാരെ വിലയ്ക്കു വാങ്ങാം, പക്ഷേ ജനങ്ങളെ വിലയ്ക്കു വാങ്ങാൻ കഴിയില്ല” എന്നും അദ്ദേഹം പറഞ്ഞു. ടിഎംസി എംപിമാർ എല്ലാവരും സുദർശൻ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിഎംസിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. “വ്യാജ ആരോപണങ്ങളുന്നയിക്കുന്നതിൽ പ്രതിപക്ഷം തമ്മിൽ മത്സരിക്കുകയാണ്. സ്വന്തം എംപിമാരെ കുറിച്ചാണ് അസംബന്ധം വിളിച്ചു പറയുന്നത്” എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. “സ്വന്തം എംപിമാരെ വിലയ്ക്കു വാങ്ങാമെന്നാണ് അഭിഷേക് പറയുന്നത്” എന്നും അദ്ദേഹം പരിഹസിച്ചു.

ഇതിനിടെ, ഇന്ത്യ സഖ്യ സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറവ് വോട്ട് ലഭിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം ലീഗ് പ്രതികരിച്ചു. “പ്രതീക്ഷയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടന്നത്. താളപ്പിഴ നടന്നത് എവിടെയാണെന്ന് കണ്ടെത്തണം. കാരണം വ്യക്തമാക്കുകയും തെറ്റുതിരുത്തൽ നടപടിയുമായി മുന്നോട്ട് പോകുകയും വേണം” എന്നും എംപിയും മുതിർന്ന നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത ഇന്ത്യ സഖ്യ യോഗത്തിൽ വിഷയമുയർത്തുമെന്നും അദ്ദേഹം അറിയിച്ചു.

malayalampulse

malayalampulse