റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുള്ള സെക്കന്‍ഡറി താരിഫ് ട്രംപ് ഒഴിവാക്കാമെന്ന സൂചന; ഇന്ത്യക്കുള്ള നികുതി ഒഴിവാകുമോ?

ന്യൂയോര്‍ക്ക്: റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്താന്‍ ഉദ്ദേശിച്ചിരുന്ന സെക്കന്‍ഡറി താരിഫ് ഒഴിവാക്കാമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് യുഎസ് പിഴ ചുമത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, റഷ്യയ്ക്ക് ഇന്ത്യ എന്ന വലിയ ഉപഭോക്താവിനെ നഷ്ടപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. ഈ സാഹചര്യത്തില്‍ സെക്കന്‍ഡറി താരിഫ് നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായുള്ള നിര്‍ണായക ഉച്ചകോടിക്കായി അലാസ്‌കയിലേക്ക് യാത്രതിരിക്കുന്നതിനിടയില്‍, എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് ഫോക്സ് ന്യൂസിനോട് നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.

അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓഗസ്റ്റ് 27 മുതലാണ് യുഎസ് പ്രഖ്യാപിച്ച അധിക ഡ്യൂട്ടി പ്രാബല്യത്തില്‍ വരുന്നത്.

കഴിഞ്ഞ മാസം യുഎസ്, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ 25% താരിഫ് ചുമത്തിയതിന് പുറമെ, 25% അധിക ഡ്യൂട്ടിയും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം റഷ്യയ്ക്കുമേലും, റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേലും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈനയും ഇന്ത്യയുമാണ്. “പുതിന് ഇന്ത്യയെ നഷ്ടപ്പെടുത്തി. റഷ്യയുടെ എണ്ണയുടെ ഏകദേശം 40% വാങ്ങിയത് ഇന്ത്യയായിരുന്നു. ചൈന ഒരുപാട് വാങ്ങുന്നു… സെക്കന്‍ഡറി താരിഫ് എന്നൊരു നീക്കം എനിക്ക് വേണമെങ്കില്‍ ചെയ്യാം, പക്ഷേ ചിലപ്പോള്‍ ചെയ്യേണ്ടിവരില്ല,” ട്രംപ് പറഞ്ഞു.

ഓഗസ്റ്റ് 6ന് റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്നതിനുള്ള പ്രതികാരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ 25% അധിക ഡ്യൂട്ടി ചുമത്തുകയും പിന്നീട് അത് 50% ആക്കി ഇരട്ടിപ്പിക്കുകയും ചെയ്തിരുന്നു ട്രംപ്. ടെക്‌സ്‌റ്റൈല്‍സ്, സമുദ്രോത്പന്നങ്ങള്‍, തുകല്‍ കയറ്റുമതി തുടങ്ങിയ മേഖലകളെ ഇത് ബാധിക്കുമെന്നതാണ് ആശങ്ക. “സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ പിന്നോട്ടു പോകില്ല,” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

malayalampulse

malayalampulse