ഉത്രാടപ്പാച്ചിൽ തിരക്കിൽ നാടും നഗരവും; പച്ചക്കറി വിലയിൽ ചാഞ്ചാട്ടം

തിരുവനന്തപുരം: നാളെ തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. വീടണഞ്ഞ് കുടുംബത്തോടൊപ്പം ചേരാനുള്ള തിരക്കിലാണ് മലയാളികൾ. വർണാഭമായ ഓണാഘോഷങ്ങളിലേക്ക് കടക്കുകയാണ് കേരളം.

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. തിരുവോണമൊരുക്കാനുള്ള അവസാന വട്ട പാച്ചിലിനെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്. തിരുവോണം അടുത്തതോടെ ടൺ കണക്കിന് പച്ചക്കറിയാണ് തേനിയിലെ ചിന്നമന്നൂർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ ദിവസേനയെത്തുന്നത്.

ഓണക്കാലത്ത് ഒരാഴ്ച മുൻപേ തന്നെ പച്ചക്കറി വില കുതിച്ചുയരും. ഉത്രാടത്തലേന്ന് വില ഉയരുമെന്ന പ്രതീക്ഷയിൽ ചൊവ്വാഴ്ച സംസ്ഥാനത്തെ മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കനുസരിച്ച് വിലയും ഉയർത്തി. എന്നാൽ കർഷകർ കൂടുതൽ പച്ചക്കറി വിപണിയിലെത്തിച്ചതോടെ ചില വസ്തുക്കളുടെ വില ഇടിഞ്ഞു.

മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവയ്ക്ക് കിലോയ്ക്ക് അൻപത് രൂപയെങ്കിലും വില നിലനിർത്തി. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ വില 800 രൂപയിൽ നിന്ന് 250 രൂപയിലേക്ക് കൂപ്പുകുത്തി. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയെത്തുന്ന മധുര, തേനി മാർക്കറ്റുകളിലും സ്ഥിതി ഇതുതന്നെ.

പക്ഷേ ചൊവ്വാഴ്ച ഉയർന്ന വിലക്ക് വ്യാപാരികൾ പച്ചക്കറി വാങ്ങിയതിനാൽ ഉത്രാട ദിനത്തിൽ മലയാളികൾക്ക് കൂടി വില നൽകേണ്ടിവരാനാണ് സാധ്യത. ഉൽപ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ കർഷകർ നിരാശയിലുമാണ്.

malayalampulse

malayalampulse