‘അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു’; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയ സംഭവത്തിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് പൂര്‍ണമായും പ്രകോപനമില്ലാതെ ആയിരുന്നുവെന്ന് പരിക്കേറ്റ ശ്രീക്കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന അര്‍ച്ചന വെളിപ്പെടുത്തി.

“ബാത്ത് റൂമില്‍ പോയി തിരിച്ചുവന്നപ്പോള്‍ ആള്‍ പെട്ടെന്ന് എഴുന്നേറ്റ് ശ്രീക്കുട്ടിയെ നടുവിന് ചവിട്ട് പുറത്തേക്ക് തള്ളുകയായിരുന്നു. ഞാന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെയും തള്ളാന്‍ ശ്രമിച്ചു. ചവിട്ടുപടിയില്‍ പിടിച്ചുനിന്നതുകൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതുകൊണ്ടും ആണ് രക്ഷപ്പെട്ടത്,” അര്‍ച്ചന പറഞ്ഞു.

ട്രെയിനിൽ നിന്ന് തള്ളിയിട്ട പാലോട് സ്വദേശിനി ശ്രീക്കുട്ടി (സോനു, 19) ഗുരുതരമായി പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം ആരോഗ്യനിലയിൽ ലഘു പുരോഗതി ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല അയന്തി ഭാഗത്ത്, കേരള എക്സ്പ്രസ് (12626) ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിലാണ് അക്രമം നടന്നത്.

ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന യുവതികളാണ് ഇര. സോനുവിനെ തള്ളിയിട്ട ശേഷം ബഹളം വച്ചതിനാണ് തന്നെയും ആക്രമിക്കാൻ ശ്രമിച്ചതെന്നും, തുടർന്ന് യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതാണെന്നും അർച്ചന വ്യക്തമാക്കി.

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

malayalampulse

malayalampulse