തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നു ചവിട്ടിത്തള്ളിയ ശ്രീക്കുട്ടി എന്ന പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും ഉണ്ടായ ഗുരുതര പരിക്കുകൾ മൂലം ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.
കുടുംബം മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നു ആരോപിച്ചിരുന്നെങ്കിലും, മികച്ച ചികിത്സ തന്നെയാണ് നൽകുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ വ്യക്തമാക്കി.
“ശ്രീക്കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ന്യൂറോ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ചേർന്നുള്ള സമഗ്ര ചികിത്സയാണ് നൽകുന്നത്,” — ഡോ. ജയചന്ദ്രൻ പറഞ്ഞു.
തലയ്ക്ക് ഗുരുതര പരിക്ക് ഉണ്ടായതും തലച്ചോറിൽ ചതവ് കണ്ടെത്തിയതുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. പെൺകുട്ടി ഇപ്പോൾ സർജിക്കൽ ഐസിയുവിലാണ്, വെന്റിലേറ്റർ സഹായം ഇപ്പോഴും തുടരുന്നു. പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘം നിരന്തരം നിരീക്ഷണം നടത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പ്രതിയായ പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
എഫ്ഐആർ പ്രകാരം, ട്രെയിനിൽ നിന്ന് നടുവിന് ചവിട്ടിയാണ് പ്രതി ശ്രീക്കുട്ടിയെ പുറത്തേക്ക് തള്ളിയതെന്ന് വ്യക്തമാക്കുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ശ്രീക്കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ചതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.
