‘ഞങ്ങളെ അങ്ങോട്ട് വരുത്തരുത്?; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; ബോംബ് എറിഞ്ഞെന്നത് കള്ളക്കഥ’

തൃശൂര്‍: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിന് ശേഷം പൊലീസ് കള്ള സ്ഫോടനക്കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. അനാവശ്യമായാണ് പൊലീസ് തല്ലിയതെന്ന് ജില്ലാ എസ്പിയും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞുവെന്നത് പൂര്‍ണമായും കെട്ടിച്ചമച്ച കള്ളക്കേസാണെന്നും സതീശന്‍ വ്യക്തമാക്കി.

“പേരാമ്പ്രയില്‍ നടക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കരുത്. നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലക്കേസ് പ്രതികളെ പിടിക്കുന്നതുപോലെ വീടുകളില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. ഇതു നിര്‍ത്തണം. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം എത്തേണ്ടി വരും,” എന്നായിരുന്നു സതീശന്റെ മുന്നറിയിപ്പ്.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തത് ഏറെ വൈകിയെന്നും സതീശന്‍ വിമര്‍ശിച്ചു. “പോട്ടി ചെയ്തതെല്ലാം അറിയാവുന്ന രാഷ്ട്രീയ നേതാക്കളും ദേവസ്വം ബോര്‍ഡ് അംഗങ്ങളുമുണ്ട്. അന്ന് ഇവരെല്ലാം ചേര്‍ന്ന് സംഭവം മൂടിവെച്ചതാണ്. കോടതി ഇടപെട്ടതിനാലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയും ബോര്‍ഡ് അംഗങ്ങളും പ്രതികളാകും,” അദ്ദേഹം ആരോപിച്ചു.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോറ്റിയെ പ്രശംസിച്ച പ്രസംഗത്തിന്റെയും തെളിവുകള്‍ ഉണ്ടെന്നു സതീശന്‍ പറഞ്ഞു. “പോട്ടിയും മറ്റൊരാളും ചേര്‍ന്ന് വീടു വച്ചുനല്‍കിയതും വ്യാജ ചെമ്പുപാളി ഉണ്ടാക്കി ചെന്നൈയിലേക്ക് അയച്ചതും ഇവരാണ്. ഇവരൊക്കെ പോറ്റിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇപ്പോഴും ദേവസ്വം ബോര്‍ഡും മന്ത്രിയും ഇതിന് പിന്നിലുണ്ട്,” സതീശന്‍ ആരോപിച്ചു.

കെ.പി.സി.സി പുനഃസംഘടന ദേശീയ നേതൃത്വം ആലോചിച്ച് ചെയ്തതാണെന്നും ചെറിയ വിഷമങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സി.പി.എം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമുള്ള അംഗസംഖ്യ, കെ.പി.സി.സി പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതലാണ്. ശിവന്‍കുട്ടി ആദ്യം അത് എണ്ണി നോക്കട്ടെ,” എന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

malayalampulse

malayalampulse