മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍ തന്നെ; മറ്റു നേതാക്കള്‍ ബഹുദൂരം പിന്നില്‍; കനഗോലു സര്‍വേ റിപ്പോര്‍ട്ടില്‍ നിറയുന്നത് പ്രതിപക്ഷ നേതാവിന്റെ ജനപ്രിയത; കെസിയേയും തരൂരിനേയും പിന്നിലാക്കി വിഡിയുടെ തേരോട്ടം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിലെന്ന സൂചനകളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നു. കനഗോലു നടത്തിയ മൂന്നാമത്തെ സർവേയിൽ സതീശന് വലിയ ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, ശശി തരൂർ എന്നിവരെക്കാൾ സതീശൻ ഏറെ മുന്നിലാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

കോൺഗ്രസിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ തന്നെ വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അടുത്തിടെ പുറത്തുവന്ന എൻഡിടിവി സർവേയിലും ജനപ്രീതിയിൽ സതീശൻ (22%) മുഖ്യമന്ത്രി പിണറായി വിജയനെ (18%) മറികടന്നിരുന്നു. മണ്ഡലങ്ങളിലുടനീളം വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായി ഓരോ മണ്ഡലത്തിലും ആറു പേരുടെ പേരുകൾ വീതം സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയം, ഇഷ്ടപ്പെട്ട മുഖ്യമന്ത്രി, സർക്കാരിന്റെ പോരായ്മകൾ തുടങ്ങി 12 പ്രധാന ചോദ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു സർവേ. മുതിർന്ന നേതാക്കളായ പിണറായി വിജയൻ, കെ.കെ. ശൈലജ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരുകളും വിലയിരുത്തലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ നേതൃത്വ മത്സരത്തിൽ സതീശന്റെ മുന്നേറ്റമാണ് റിപ്പോർട്ടിൽ വ്യക്തമായത്.

വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന ‘ലക്ഷ്യ 2026’ നേതൃക്യാമ്പിൽ സുനിൽ കനഗോലു സ്ഥാനാർത്ഥികളുടെ മാനദണ്ഡ റിപ്പോർട്ടുകൾ അവതരിപ്പിച്ചിരുന്നു. വിജയസാധ്യത (വിന്നബിലിറ്റി) മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണ്ണയം എന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ കോൺഗ്രസിന്റെ നില അത്ര തൃപ്തികരമല്ലെന്ന വിലയിരുത്തലും സർവേ റിപ്പോർട്ടിലുണ്ട്. ആലപ്പുഴയിലും തൃശൂരിലും സംഘടനാപരമായ ദൗർബല്യമുണ്ടെന്നും 2021 തിരഞ്ഞെടുപ്പിൽ ഈ ജില്ലകളിൽ കോൺഗ്രസിന് കുറഞ്ഞ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തും കോവളം മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചിരുന്നത്.

പാലക്കാട് ജില്ലയിൽ കൂടുതൽ മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. എൽ.ഡി.എഫിനും യു.ഡി.എഫിനും 40 ശതമാനത്തിന് മുകളിൽ വോട്ടു ലഭിക്കാനിടയുണ്ടെന്നും എൻ.ഡി.എയ്ക്ക് ഏകദേശം 15 ശതമാനം വരെ പിന്തുണ ലഭിക്കാമെന്നും കനഗോലു റിപ്പോർട്ട് വിലയിരുത്തുന്നു.

malayalampulse

malayalampulse