കേരളത്തില്‍ മാത്രം ബന്ദായി മാറുന്ന ദേശീയ പണിമുടക്ക്; രീതി മാറ്റണമെന്ന് വി.ഡി. സതീശന്‍

കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ ആവശ്യകതയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന നിലവിലെ രീതി കാലഹരണപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പണിമുടക്ക് എന്ന് പറയുമ്പോള്‍ കേരളത്തില്‍ മാത്രം ജനജീവിതം പൂര്‍ണമായും സ്തംഭിക്കുന്ന അവസ്ഥയാണുള്ളതെന്നും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ എല്ലാം അടച്ചിടുന്ന സാഹചര്യമില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. “തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ മഹാരാഷ്ട്രയിലോ ഡല്‍ഹിയിലോ പോയാല്‍ ഇത്തരത്തില്‍ പണിമുടക്ക് നടക്കുന്നതുപോലും അറിയില്ല. പിന്നെന്തിനാണ് കേരളത്തില്‍ മാത്രം ഇത് ബന്ദിന് സമാനമാക്കുന്നത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പണിമുടക്കിന്റെ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സമരമുറകള്‍ മാറ്റേണ്ടതുണ്ടെന്നും ഇതിനെക്കുറിച്ച് സംസ്ഥാനത്ത് പൊതുചര്‍ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിലും ത്രിപുരയിലും ഭരണത്തിലിരുന്ന കാലത്ത് സിപിഎം ഇത്തരത്തില്‍ പണിമുടക്ക് നടത്തിയിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള സമരമുറകള്‍ കാലഹരണപ്പെട്ടതാണെന്നും യു.ഡി.എഫിന് ഇതില്‍ മാറ്റം വേണമെന്ന അഭിപ്രായമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. പണിമുടക്കിന്റെ വിഷയങ്ങള്‍ ജാഥയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സിഐടിയു ഉള്‍പ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ തുടരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലകളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്.

സമരസമിതിയുടെ വിലയിരുത്തലുപ്രകാരം ഇത് ഇന്ത്യന്‍ സമരചരിത്രത്തിലെ പുതിയ അധ്യായമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിപിഐഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് സമരം നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് സമരം ശക്തമായി ബന്ദ് സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നതെന്ന വിമര്‍ശനം ചര്‍ച്ചയാകുന്നുണ്ട്.

malayalampulse

malayalampulse