തിരുവനന്തപുരം: സിപിഎം കത്ത് വിവാദത്തിൽ പുതിയ സംശയങ്ങൾ ഉയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണമെങ്കിലും ഇതുവരെ സിപിഎം നേതാക്കളിൽ ആരും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കൾ മിണ്ടാതിരിക്കുമ്പോൾ, രാജേഷ് കൃഷ്ണയുടെ പങ്ക് ദുരൂഹതകൾ കൂട്ടുന്നുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
തോമസ് ഐസക്കാണ് ഏകദേശം പ്രതികരിച്ചത്. എന്നാൽ ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങളില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. “രാജേഷ് കൃഷ്ണയെ അറിയില്ല” എന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
“പിണറായി വിജയന്റെ ഭാഷയിൽ പറയുകയാണെങ്കിൽ, രാജേഷ് കൃഷ്ണ അവതാരമാണ്. പാർട്ടി കോൺഗ്രസിൽ നിന്നാണ് പുറത്താക്കിയ ആളെന്നും, നിരവധി ദുരൂഹതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും” വി.ഡി. സതീശൻ പറഞ്ഞു.
കത്തിന്റെ പൂർണ്ണരൂപം പുറത്തുവരുന്നത് ഇപ്പോഴാണെന്നും, കേരളത്തിലെ വിവിധ പദ്ധതികളിൽ രാജേഷ് കൃഷ്ണ ഇടനിലക്കാരനായിരുന്നോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഴ്സിക്കുട്ടി മന്ത്രിയായിരുന്ന കാലത്ത് ഒരു പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണം അയച്ചു എന്ന ചോദ്യത്തിനും സിപിഎം മറുപടി പറയേണ്ടതുണ്ടെന്ന് സതീശൻ ആവശ്യപ്പെട്ടു.
