പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, സര്‍വീസില്‍ നിന്നും പുറത്താക്കണം; പൊലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടില്ല; ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല; തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ട്: VD സതീശൻ

കൊച്ചി:
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല. പൊലീസ് ജനങ്ങളുടെ ക്ഷേമത്തിന്റെ അവരുടെ സൗകര്യത്തിനും വേണ്ടിയുള്ളതാണ്. അല്ലാതെ ജനങ്ങളെ ആക്രമിക്കാനുള്ളതല്ല. നിരപരാധിയായ ചെറുപ്പക്കാരനെയാണ് ഒരു കാരണവുമില്ലാതെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത്. ഇതൊരു മാനസിക വൈകല്യമാണ്. അല്ലാതെ ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാനാകുമോ? കൂട്ടം ചേര്‍ന്ന് കാട്ടുന്ന അഹങ്കാരമാണിത്. കുറ്റം ചെയ്യാത്തവരോട് ഇങ്ങനെ പെരുമാറുന്നവര്‍ കുറ്റവാളികളോട് ഇതിനു വിപരീതമായാകും പെരുമാറുക. ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

പീച്ചിയിലും ഹോട്ടല്‍ ഉടമയുടെ മകനെയും മാനേജരെയും ക്രൂരമായി മര്‍ദ്ദച്ച ശേഷം അഞ്ച് ലക്ഷം രൂപ വാങ്ങി ഒത്തുതീര്‍പ്പാക്കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷം കഴിഞ്ഞ നാലരവര്‍ഷമായി പറഞ്ഞു കൊണ്ടിരുന്ന കേരള പൊലീസിന്റെ തനിനിറമാണ് പുറത്തു വരുന്നത്. ഒരു കോക്കസാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഡി.ജി.പിക്ക് എസ്.പിമാര്‍ക്ക് മുകളിലൊ എസ്.പിമാര്‍ക്ക് എസ്.എച്ച്.ഒമാര്‍ക്ക് മുകളിലൊ ഒരു നിയന്ത്രണവുമില്ല. പലയിടത്തും പാര്‍ട്ടിയാണ് ഭരിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിക്കും അടികിട്ടി. മാഫിയ പോലുള്ള സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അടികിട്ടിയ ലോക്കല്‍ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്നത് സി.പി.എം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. സി.സി ടി.വിയില്‍ ഇല്ലാത്തതും ഭയന്നിട്ടും പുറത്തു പറയാത്ത എത്രയോ മര്‍ദ്ദനങ്ങളുണ്ട്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശങ്ങളുടെ പൂര്‍ണമായ ധ്വംസനമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടില്ല. അദ്ദേഹമാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയല്ലെങ്കില്‍ പിന്നെ ആരാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്. ഒരു ഫേസ്ബുക്ക് പോസ്റ്റു പോലുമില്ല. ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് അഭിപ്രായമില്ല. എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയാണ്. മറുപടി പറയാനുള്ള ബാധ്യത അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കുണ്ട്. ഔദ്യോഗികമായ ബാധ്യതയില്‍ നിന്നാണ് മുഖ്യമന്ത്രി ഒളിച്ചോടുന്നത്. ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പൊലീസുമായി മുന്നോട്ടു പോയാല്‍ അതിശക്തമായ പ്രതിഷേധമുണ്ടാകും.

2023-ല്‍ ഉണ്ടായ സംഭവമാണ് പൂഴ്ത്തിവച്ചത്. എ.സി.പിയുടെ റിപ്പോര്‍ട്ടും പൂഴ്ത്തി. പീച്ചിയിലെയും കുന്നംകുളത്തെയും സംഭവങ്ങള്‍ പൂഴ്ത്തിവച്ചു. നിയമം സഹായിച്ചതു കൊണ്ടു മാത്രമാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നത്. മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും പൂഴ്ത്തിവച്ചു. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ? പിന്നെ എന്തിനാണ് സ്‌പെഷല്‍ ബ്രാഞ്ച്? അങ്ങനെയെങ്കില്‍ ഈ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പിരിച്ചു വിടണം. ഇന്റലിജന്‍സ് ഡി.ജി.പി വഴി ഈ സംഭവങ്ങളൊക്കെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടും മുഖ്യമന്ത്രിയും ഭരണനേതൃത്വത്തില്‍ ഇരിക്കുന്നവരും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും പൂഴ്ത്തിവച്ച് ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിച്ചത്.

വെള്ളാപ്പള്ളി പറയുന്നതിനൊന്നും മറുപടി പറയാനില്ല. നേരത്തെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. തിളക്കമാര്‍ന്ന ഭൂരിപക്ഷത്തില്‍ യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും അദ്ദേഹം പറയുന്നതിന് മറുപടി പറയേണ്ട കാര്യമില്ല. കേരളത്തിലെ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ദേശീയ തലത്തില്‍ ഒരു സമീപനമുണ്ട്. അത് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ് തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ആരെയും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാറില്ല. കേരളത്തില്‍ യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടു വരിക എന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും കോണ്‍ഗ്രസ്- യു.ഡി.എഫ് പ്രവര്‍ത്തകരും എന്നെ എല്‍പ്പിച്ചിരിക്കുന്ന ദൗത്യം. കോണ്‍ഗ്രസാണ് യു.ഡി.എഫിനെ നയിക്കുന്നത്. വെള്ളപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ല. അദ്ദേഹം ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്? മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അദ്ദേഹം അധിക്ഷേപിച്ചു. എന്നിട്ടും പിറ്റേ ആഴ്ച അദ്ദേഹം ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? ഗുരുദേവന്‍ അങ്ങനെയായിരുന്നോ? ദയവു ചെയ്ത് ശ്രീനാരായണ ഗുരുദേവനെ അപമാനിക്കരുത്. ഇന്ന് ചതയ ദിനം കൂടിയാണ്. ഞാന്‍ വെള്ളാപ്പള്ളിയുമായി വഴക്കിടാന്‍ പോയിട്ടില്ല. ഗുരു എന്താണോ പറഞ്ഞത് അതിന് വിരുദ്ധമായിട്ടാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴും എന്റെ പരാതി അതുതന്നെയാണ്. എസ്.എന്‍.ഡി.പിയുടെ പരിപാടികളില്‍ പങ്കെടുക്കും. ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി വലിയൊരു പ്രസ്ഥാനമാണ്. ഞാനും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന ശ്രീനാരായണീയനാണ്. എല്ലായിടത്തും ഞാന്‍ പോകും. അവിടെ ആര് ഇരിക്കുന്നുവെന്നത് പ്രശ്‌നമെയല്ല.

കോണ്‍ഗ്രസിലെ ഡിജിറ്റല്‍ മീഡിയയുമായി എനിക്ക് ഒരു ബന്ധവുമില്ല. അങ്ങനെ ഒരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അറിയില്ല. കോണ്‍ഗ്രസിന്റെ പേരില്‍ ഒരുപാട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ നിന്നും വരുന്നത് കാണുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധരാണോ അതിന് പിന്നിലെന്ന് സംശയം തോന്നും. അക്കാര്യം കെ.പി.സി.സി പരിശോധിച്ച് നടപടി സ്വീകരിക്കും.

ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ട്. മുതിര്‍ന്ന ആളുകള്‍ പറയുന്നതിനോട് വെറിപ്പോ വിദ്വേഷമോയില്ല. അവര്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊക്കെ എവിടെ എങ്ങനെ പറയണമെന്നത് അവരവര്‍ ആലോചിക്കേണ്ടതാണ്. എനിക്ക് ഒരു പരാതിയുമില്ല. പക്ഷെ സി.പി.എമ്മിന്റെ മാധ്യമ വിഭാഗം എന്നെ നിരന്തരമായ ആക്രമിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ആ തീരുമാനത്തിന്റെ ഭാഗമയി അവര്‍ പര്‍ച്ചേസ് ചെയ്തിരിക്കുന്ന വിവിധ യുട്യൂബ് ചാനലുകളിലൂടെ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നുണ്ട്. അതൊന്നും എനിക്ക് മേല്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല. വി.ടി ബല്‍റാമിനെ ഒരിടത്ത് നിന്നും പുറത്താക്കിയിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും. നിലവില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമരങ്ങള്‍ നടക്കുന്നുണ്ട്. തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നവരെ മാത്രമെ വിമര്‍ശിക്കാനാകൂ. കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് എന്റെ മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. അത് നിലപടാണ്. ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. ഞാന്‍ ഒറ്റയ്ക്കല്ല, എല്ലാ നേതാക്കളും ചേര്‍ന്ന് ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. പക്ഷെ ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് ഉറപ്പിച്ച് പറയുന്ന ആളാണ് ഞാന്‍. പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു കുഴപ്പവുമില്ല. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല ജീവിക്കുന്നത്. കോണ്‍ഗ്രസ് ജീവിക്കുന്നത് ജനമനസുകളിലാണ്. ആ കോണ്‍ഗ്രസിനു വേണ്ടി സര്‍വതും സമര്‍പ്പിക്കുന്ന ധീരന്മാരായ പ്രവര്‍ത്തകരുണ്ട്. അവരെയൊന്നും അണുകിട ചലിപ്പിക്കാന്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് കഴിയില്ല. തിരുവോണത്തിന് വരെ ഡി.ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവരാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍.

പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ലോക്കല്‍ സെക്രട്ടറിയെ സി.പി.എം നേതാക്കള്‍ തടഞ്ഞതൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കണം. എപ്പോഴും കോണ്‍ഗ്രസിന് പിന്നാലെ നടന്നാല്‍ ബോറടിക്കില്ലേ. ഇടയ്ക്ക് അതൊക്കെ വാര്‍ത്തയാക്കണം. നിങ്ങളുടെ ഒപ്പമുള്ള മാധ്യമ പ്രവര്‍ത്തകനെയല്ലെ സി.പി.എം നേതാവ് തള്ളി നീക്കി പാര്‍ട്ടി തീരുമാനമാണെന്നു പറഞ്ഞത്. എസ്.എച്ച്.ഒയില്‍ നിന്നും അടി കിട്ടിയ ലോക്കല്‍ സെക്രട്ടറിക്ക് പറയാന്‍ പോലും അനുവാദമില്ല. കോണ്‍ഗ്രസുകാരാണ് നിങ്ങളെ തള്ളി മാറ്റിയിരുന്നതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കിയേനെ? നിങ്ങള്‍ക്കാര്‍ക്കും ഒരു പരാതിയും ഇല്ലല്ലോ?

malayalampulse

malayalampulse