‘മതതീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കും’ — മാധ്യമപ്രവർത്തകനെതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി

കൊച്ചി: കേരളത്തിൽ ഇന്ന് പ്രധാന ചർച്ചയായ മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച പരാമർശത്തിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്നാണ് വിളിച്ചതെന്നും, മതതീവ്രവാദിയെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും, കത്തിച്ചാലും അഭിപ്രായം മാറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും, പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. “നാട്ടുച്ചക്ക് ഈ 89കാരനെ വിചാരണ ചെയ്തത് മര്യാദയാണോ? സഹികെട്ടപ്പോഴാണ് തള്ളി പറഞ്ഞത്, ചവിട്ടിയില്ലല്ലോ” എന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ മുന്നിൽ ഇത്തരത്തിൽ മൈക്കുമായി ചെന്നാൽ അതിനെ ചോദ്യം ചെയ്യില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മതമാണ് വലുതെന്ന് പറഞ്ഞ ഷാജിയെ വിചാരണ ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.

തന്നെ കൊല്ലാൻ പലരും ശ്രമിച്ചിട്ടുണ്ടെന്നും, ഇനിയും തന്റെ ചോരയ്ക്ക് കൊതിക്കുന്നവർ ഉണ്ടെങ്കിൽ വരാമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. “ഒരു മാധ്യമം എന്നെ പച്ചയായി പിച്ചി തിന്നാൻ ശ്രമിക്കുന്നു. പക്ഷേ ഒരു ചാനൽ കൊണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല” എന്നും അദ്ദേഹം പറഞ്ഞു.

നീതി പറയുമ്പോൾ ജാതി പറഞ്ഞുവെന്ന ആരോപണത്തെയും വെള്ളാപ്പള്ളി തള്ളി. “ലീഗിനൊപ്പം നിന്നതുകൊണ്ടാണ് ലീഗിനെതിരെ പറയുന്നത്. ഒരു മുസ്ലീം സമുദായത്തോടും എനിക്ക് വിരോധമില്ല, ലീഗിനോടാണ് എതിർപ്പ്” എന്നും വ്യക്തമാക്കി.

ആർ. ശങ്കറിന് ശേഷം ഈഴവ സമുദായത്തിന് ആനുപാതികമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചിട്ടില്ലെന്നും, ഇത് ജനാധിപത്യമാണോ അതോ മതാധിപത്യമാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സോദര ചിന്ത ഇല്ലായ്മയാണ് ഇന്നത്തെ പ്രധാന പ്രശ്നമെന്നും, “നാം സോദരാ എന്ന് വിളിക്കുമ്പോൾ മറ്റുള്ളവർ നമ്മളെ അങ്ങനെ കാണുന്നുണ്ടോ എന്ന് ആലോചിക്കണം” എന്നും അദ്ദേഹം പറഞ്ഞു. താൻ എസ്എൻഡിപി യോഗത്തിൽ വഴി തെറ്റി വന്ന ആളാണെന്നും, തനിക്ക് രാഷ്ട്രീയം ഇല്ലെന്നും, പ്രശ്നാധിഷ്ഠിതമായി മാത്രമേ അഭിപ്രായം പറയൂവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. “ഞാൻ ഒരു പാർട്ടിയുടെയും വാലോ ചൂലോ അല്ല” എന്നും അദ്ദേഹം പറഞ്ഞു.

malayalampulse

malayalampulse