വെള്ളാപ്പള്ളി നടേശൻ സിപിഐയെ വിമർശിച്ചു: “നാടോടുമ്പോൾ നടുവേ ഓടണം”

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പി.എം. ശ്രീ (PM SHRI) പദ്ധതിക്കെതിരെ സി.പി.ഐ (CPI) ഉയർത്തുന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ് sndp യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

“സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? എല്ലാത്തിനും ഒടുവിൽ പിണറായിയുടെ അടുത്ത് പത്തി താഴും. നാടോടുമ്പോൾ നടുവേ ഓടണം,” — അദ്ദേഹം പരാമർശിച്ചു. മുഖ്യമന്ത്രി സംസാരിച്ചാൽ സി.പി.ഐയുടെ എല്ലാ പ്രശ്‌നങ്ങളും തീരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ കോടിക്കണക്കിന് രൂപ കേരളത്തിന് ലഭിക്കാൻ നയപരമായ നടപടികൾ ആവശ്യമാണെന്നും അതിനായി പ്രായോഗിക ബുദ്ധിയോടെ മുന്നോട്ട് പോകണം എന്നും അദ്ദേഹം പറഞ്ഞു. “ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം. സി.പി.ഐ.എം–ബി.ജെ.പി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധിയാണ് ഇതെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളവും അത് നടപ്പാക്കണമെന്നും, സി.പി.ഐ ‘കാവിവൽക്കരണം’ എന്ന് പറഞ്ഞ് എതിർക്കുന്നത് അർത്ഥശൂന്യമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നോ അല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങളെയും ഒറ്റ ബോർഡിന് കീഴിലാക്കണമെന്നോ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ മറവിൽ നടക്കുന്ന അഴിമതിക്ക് സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത് മതിയാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

malayalampulse

malayalampulse