മലപ്പുറത്ത് നോമ്പുകാലത്ത് കടകൾ അടപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മുസ്‌ലിം ലീഗിനെതിരെ വിവാദ പ്രസംഗം

ആലപ്പുഴ: മലപ്പുറത്തെ കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ആധിപത്യമുള്ള മലപ്പുറത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്കിന്റെ ശക്തി ഉപയോഗിച്ച് മുസ്‌ലിംകൾ സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്‌ലിം ലീഗ് അവരുടെ സ്വന്തം രാജ്യം സൃഷ്ടിച്ച് ശരീഅത്ത് നിയമം നടപ്പാക്കാനും ‘മലപ്പുറം സംസ്കാരം’ സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കുട്ടനാട്ടിലെ ഒരു പൊതുചടങ്ങിനിടെയാണ് അദ്ദേഹം പ്രസംഗിച്ചത്.

മലപ്പുറത്ത് നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ചാടുന്ന കുഞ്ഞുരാമന്മാരാകരുത് രാഷ്ട്രീയക്കാർ എന്നും കേരളത്തിൽ ആര് ഭരിക്കണമെന്ന് സമസ്ത തീരുമാനിക്കുന്ന സാഹചര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറം പ്രസംഗം വളച്ചൊടിച്ച് തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമാകില്ലെന്നും കോൺഗ്രസിന് മുസ്‌ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ നടന്നുപോകാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. മുല്ലപ്പള്ളിയും സുധീരനും സമുദായത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന ചോദ്യവും വെള്ളാപ്പള്ളി ഉന്നയിച്ചു.

malayalampulse

malayalampulse