കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയുടെ കണക്കുകൾ ഉൾപ്പെടെ പരാമർശിക്കുന്ന വി. കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ജോസഫ് സി. മാത്യു പ്രകാശനം ചെയ്തു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. മികച്ച ജനപങ്കാളിത്തമുണ്ടായിരുന്ന പരിപാടിയിൽ ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യങ്ങളോടെയാണ് പുസ്തക പ്രകാശനം നടന്നത്.
പുസ്തക പ്രകാശനത്തിന് പിന്നാലെ തനിക്കെതിരെ അക്രമവും വ്യക്തിപരമായ തേജോവധവും നടക്കുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവെ വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. താൻ ഉന്നയിച്ച വിഷയങ്ങൾക്ക് സിപിഐഎമ്മിന് മറുപടിയില്ലെന്നും, പകരം വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ മോശക്കാരനാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നതായും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
കേരളത്തിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും, നേതൃത്വം തെറ്റായ വഴിയിൽ പോകുന്നതിനെതിരെയാണ് തന്റെ വിമർശനമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പഠിപ്പിച്ചതും പാർട്ടിയാണെന്നും, വിമർശനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവത്തിനോട് വിരോധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശയപരമായ അഭിപ്രായ വ്യത്യാസം തനിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറിയാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും, പാർട്ടി ഘടകത്തെ കണക്ക് ബോധിപ്പിച്ചിരുന്നെങ്കിൽ ഇത് തുറന്നുപറയേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അവതരിപ്പിച്ച കണക്കും യഥാർത്ഥ കണക്കും തന്റെ കൈവശമുണ്ടെന്നും, ഇനി സിപിഐഎമ്മിന്റെ കണക്ക് വരട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പുസ്തകത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു കണക്ക് റിപ്പോർട്ട് തയ്യാറാക്കാനാണ് സാധ്യതയെന്നും, ടി.ഐ. മധുസൂദനൻ എംഎൽഎയോ മറ്റേതെങ്കിലും നേതാവോ ഫണ്ട് വിവാദത്തിൽ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “നിങ്ങൾ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് സംവാദത്തിന് എത്താൻ ഞാൻ തയ്യാറാണ്,” എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
