ഹാനോയ്: മധ്യ വിയറ്റ്നാമിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ദുരന്തത്തിൽ മരണം 41 ആയി ഉയർന്നു. കാണാതായ 9 പേരെ കണ്ടെത്താനുള്ള തെരച്ചിൽ വിപുലീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,500 മില്ലിമീറ്ററിൽ കൂടുതലാണ് മഴ പെയ്തത്. തുടർച്ചയായ മഴയെത്തുടർന്ന് നിരവധി ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
തീരദേശ നഗരങ്ങളായ ഹോയ് ആൻ, നാ ട്രാങ് എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിത പ്രദേശങ്ങൾ. 52,000-ത്തിലധികം വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ലാം ഡോങ് പ്രവിശ്യയിലെ ഡാ നിഹിം നദിയിലെ തൂക്കുപാലം ഒലിച്ചുപോയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതി വ്യാപിച്ചു. മണ്ണിടിച്ചിലുകൾ മൂലം പ്രധാന റോഡുകളും ഹൈവേകളും തകർന്നതാണ് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയത്.
ലാം ഡോങ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേസമയം, ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ വിയറ്റ്നാമിൽ ഉണ്ടായ വിവിധ പ്രകൃതിദുരന്തങ്ങൾ 2 ബില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
