വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ഇന്ന്
2028-ഓടെ പൂർണ പ്രവർത്തനസജ്ജം; അദാനി ഗ്രൂപ്പ് 10,000 കോടി നിക്ഷേപിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് നാലിന് തുറമുഖത്ത് നടക്കുന്ന വിപുലമായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തുറമുഖത്തിന്റെ വികസനസാധ്യതകൾ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൂടുതൽ നിക്ഷേപ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് സൂചന. തുറമുഖാധിഷ്ഠിത വ്യവസായങ്ങൾക്കും അടിസ്ഥാന സൗകര്യമേഖലയ്ക്കുമായി സർക്കാർ പുതിയ പദ്ധതികളും പ്രഖ്യാപിക്കും.
2028-ഓടെ തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാകും. രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും അദാനി ഗ്രൂപ്പ് മൊത്തം 10,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഒന്നാംഘട്ടം 7,700 കോടിയുടെ പിപിപി പദ്ധതിയായിരുന്നു. ഒരു വർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ എന്ന ലക്ഷ്യം മറികടന്ന്, വാണിജ്യ പ്രവർത്തനം ആരംഭിച്ച ഒരു വർഷത്തിനുള്ളിൽ 710 കപ്പലുകളിൽ നിന്നായി 15.13 ലക്ഷം കണ്ടെയ്‌നറുകൾ തുറമുഖം കൈകാര്യം ചെയ്തു.
രണ്ടാംഘട്ടത്തിൽ പുലിമുട്ടിന്റെ നീളം നാല് കിലോമീറ്ററായി വർധിപ്പിക്കും. നിലവിലുള്ള 800 മീറ്റർ ബെർത്തിനൊപ്പം 1,200 മീറ്റർ അധിക ബെർത്തും നിർമിക്കും. കടലിൽ നിന്ന് 55 ഹെക്ടർ സ്ഥലം നികത്തി തുറമുഖത്തിന്റെ അനുബന്ധ ആവശ്യങ്ങൾക്ക് വിനിയോഗിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ വർഷം 50 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് കഴിയും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും.
