വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക്; 10,000 കോടി രൂപയുടെ വികസനത്തിന് മുഖ്യമന്ത്രി തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഏകദേശം 10,000 കോടി രൂപയുടെ വികസന പദ്ധതികളാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്.

രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ നിലവിലെ 10 ലക്ഷം കണ്ടെയ്നർ കൈകാര്യം ശേഷി 50 ലക്ഷമായി ഉയരും. ക്രൂയിസ് കപ്പലുകൾ ഉൾപ്പെടെ വലിയ അന്താരാഷ്ട്ര കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന രീതിയിലാകും തുറമുഖം വികസിപ്പിക്കുക.

ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യങ്ങളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ അധ്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം വിസ്മയമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നാടിന്റെ സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖമെന്നും, പദ്ധതിക്കിടയിൽ നിരവധി പ്രതിസന്ധികളും തടസ്സങ്ങളും ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തടസ്സങ്ങൾ കൊണ്ട് സ്തംഭിച്ച് നിൽക്കാൻ കഴിയില്ല, മുന്നോട്ട് പോകുക മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.

malayalampulse

malayalampulse