തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ ആവശ്യത്തിന് മറുപടിയുമായി വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്.
ശ്രീലേഖയുടേത് സമാന്യമര്യാദ ഇല്ലാത്ത ആവശ്യമാണെന്ന് പ്രശാന്ത് പ്രതികരിച്ചു. വാടകക്കരാറിൻ്റെ കാലാവധി കഴിയുന്നതുവരെ ഓഫീസ് ഒഴിയില്ലെന്നും, ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷനിൽ ബിജെപി ഭരണം പിടിച്ചതിന് പിന്നാലെയാണ് മുൻ മേയറും എംഎൽഎയുമായ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ആർ. ശ്രീലേഖ രംഗത്തെത്തിയത്.
ഫോണിലൂടെയായിരുന്നു ശ്രീലേഖ പ്രശാന്തിനോട് ആവശ്യം ഉന്നയിച്ചത്. തനിക്ക് താമസിക്കാൻ ഈ കെട്ടിടമാണ് സൗകര്യമെന്നും ശ്രീലേഖ അറിയിച്ചു.
എൽഡിഎഫ് ഭരണകാലത്ത് മുൻ കൗൺസിൽ വാടക നിശ്ചയിച്ച് നൽകിയ കെട്ടിടമാണ് നിലവിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ കൗൺസിൽ തീരുമാനമെടുത്താൽ തുടർനടപടികൾ ഉണ്ടാകുമെന്നതും വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
