ശബരിമല: വൃശ്ചികപ്പുലരിയോടനുബന്ധിച്ച് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 3 മണിക്ക് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്നതോടെയാണ് തിരക്ക് കൂടിയത്. ഇന്ന് മുതൽ ദിവസവും ഏകദേശം 90,000 ഭക്താക്കൾക്ക് ദർശനം നടത്താൻ ദേവസ്വം ബോർഡ് ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
നട തുറന്നതിന്റെ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നിലയ്ക്കലിലെ എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളും നിറഞ്ഞു. സന്നിധാനത്തും നിലയ്ക്കലിലും തീർഥാടകരുടെ തിരക്ക് തുടരുകയാണ്. വരാനിരിക്കുന്ന ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗുകൾ പൂർണ്ണമായിട്ടുണ്ട്.
മണ്ഡല–മകരവിളക്ക തീർത്ഥാടനം ആരംഭിച്ചതോടെ തന്ത്രി കണ്ഠർ മഹേഷ് മോഹനർ മേൽശാന്തി എസ്. അരുണ്‍കുമാർ നമ്പൂതിരിയോടൊപ്പം ശ്രീകോവിലിലെ നട തുറന്ന് ദീപപ്രഭയിൽ പൂജകൾ ആരംഭിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്നു. മാളികപ്പുറത്ത് മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി നട തുറന്നു.
പുതിയ മേൽശാന്തിമാരുടെ ചുമതല ഏൽപ്പിക്കൽ ശബരിമലയിൽ ഭക്തിപൂർവം നടന്നു. ശബരിമല ശ്രീകോവിലിൽ ഇ.ഡി. പ്രസാദ് നമ്പൂതിരിയും, മാളികപ്പുറം ശ്രീകോവിലിൽ എം.ജി. മനു നമ്പൂതിരിയും പുതിയ മേൽശാന്തികളായി ഔദ്യോഗികമായി സ്ഥാനമേറ്റു. ഇരുവരെയും മുൻമേല്‍ശാന്തി എസ്. അരുണ്‍കുമാർ നമ്പൂതിരി പതിനെട്ടാം പടിയിൽ സ്വീകരിച്ച് ക്ഷേത്രത്തിന്റെ മുന്നിലേക്കു കൊണ്ടുപോയി. തുടർന്ന് തന്ത്രി കലശാഭിഷേകം നടത്തി അവർക്ക് ഔദ്യോഗിക അധികാരം നൽകി.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷനായുള്ള അവലോകന യോഗം ഇന്ന് രാത്രി വൈകി ചേരും.
