തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നതിൽ വിയോജിപ്പുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വി.എസ്. ജീവിച്ചിരുന്നുവെങ്കിൽ പത്മവിഭൂഷൺ അവാർഡ് നിരസിക്കുമായിരുന്നുവെന്നും, ഇത്തരത്തിലുള്ള അവാർഡുകൾ സ്വീകരിക്കുന്ന പതിവ് പാർട്ടിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു.
അതേസമയം, വി.എസ്. അച്യുതാനന്ദന് ലഭിച്ച അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പുരസ്കാര ലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച കുടുംബത്തിന്റെ നിലപാടും പാർട്ടി അംഗീകരിക്കുന്നതായും, പുരസ്കാരം സ്വീകരിക്കണമോ എന്നത് കുടുംബം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ പാർട്ടിക്ക് പ്രത്യേക നിലപാടില്ലെന്നും എം.എ. ബേബി വ്യക്തമാക്കി.
ജ്യോതി ബസുവിനും ഇ.എം.എസ്. നമ്പൂതിരിപ്പാടിനും പുരസ്കാരം നൽകാമെന്ന് അറിയിച്ചപ്പോൾ അവർ സ്വയം അത് നിരസിച്ച സംഭവവും എം.എ. ബേബി ഓർമിപ്പിച്ചു.
പയ്യന്നൂർ ഫണ്ട് വിവാദത്തിലും എം.എ. ബേബി പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേടുകളോട് പാർട്ടിക്ക് കർശനമായ നിലപാടുണ്ടെന്നും, ഇക്കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്ക് പൂർണ ബോധ്യമുണ്ടെന്നും, പൊതുജനങ്ങളിൽ ധാരണാപിശക് ഉണ്ടായിട്ടുണ്ടെങ്കിൽ കേരള ഘടകം അത് പരിഹരിക്കുമെന്നും ബേബി വ്യക്തമാക്കി.
ഭവന സന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച ശേഷം പാത്രം സ്വയം കഴുകിവെക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെക്കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. പാത്രം കഴുകിയത് കമ്മ്യൂണിസ്റ്റുകാരുടെ ശൈലിയാണെന്നും, വീട്ടുപണികൾ സ്ത്രീകൾ മാത്രം ചെയ്യണമെന്ന നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ വേണ്ടിയല്ല ഇത് ചെയ്തതെന്നും, തന്റെ ദീർഘകാല ശീലത്തിന്റെ ഭാഗമാണെന്നും ബേബി വ്യക്തമാക്കി.
സാമൂഹിക–രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചത്. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വിഎസ്, പ്രതിപക്ഷ നേതാവായും സിപിഐഎം സംസ്ഥാന സെക്രട്ടറിയായും കേരളത്തിന്റെ സാമൂഹ്യ–രാഷ്ട്രീയ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. 2025 ജൂലൈ 21നാണ് വി.എസ്. അച്യുതാനന്ദൻ അന്തരിച്ചത്.
