തിരുവനന്തപുരം: വിവാദമായ ‘ബീഡി-ബിഹാർ’ പോസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കിടയിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിനെ ചുറ്റിപ്പറ്റി ബൽറാമിനെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
ഡിജിറ്റൽ മീഡിയ സെല്ലിന്റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണെന്നും, സമൂഹമാധ്യമ വിഭാഗത്തിന്റെ പുനസംഘടന പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, വിവാദ പോസ്റ്റിനെ കുറിച്ച് സ്വയം നിലപാട് വ്യക്തമാക്കികൊണ്ട് വി ടി ബൽറാം രംഗത്തെത്തി. പോസ്റ്റ് തന്റെ അറിവോടെയല്ല പ്രസിദ്ധീകരിച്ചതെന്നും അത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുത്തിയത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമ പ്രവർത്തനം കൈകാര്യം ചെയ്യുന്ന ടീമിന്റെ വീഴ്ചയാണ് സംഭവിച്ചതെന്നും ബൽറാം വ്യക്തമാക്കി.
ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചതായും, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ബൽറാം കൂട്ടിച്ചേർത്തു.
