വയനാട് പ്രകൃതി ദുരന്തം: കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന് — രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും

തൃശൂര്‍: വയനാട് പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2 മണിക്ക് മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ വെച്ച് Rahul Gandhi നിര്‍വ്വഹിക്കുമെന്ന് കെപിസിസി പ്രസിഡന്റ് Sunny Joseph എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചൂരല്‍മലയിലും മുണ്ടക്കയിലും സര്‍ക്കാര്‍ സഹായം ലഭിക്കാത്ത 40 വ്യാപാര സ്ഥാപന ഉടമകള്‍ക്ക് ചടങ്ങില്‍ അഞ്ച് ലക്ഷം രൂപ വീതം വിതരണം ചെയ്യും. ഇവര്‍ നേരത്തെ Priyanka Gandhiയെ സമീപിച്ച് അവരുടെ പ്രശ്നങ്ങള്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തിക സഹായം.

പദ്ധതിക്കായി 3.24 ഏക്കര്‍ ഭൂമി ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 2.18 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ ഈ ആഴ്ച പൂര്‍ത്തിയാക്കും. ആകെ 5.42 ഏക്കര്‍ സ്ഥലത്താണ് 50 വീടുകളുടെ നിര്‍മ്മാണം നടക്കുക. ഓരോ കുടുംബത്തിനും 8 സെന്റ് വീതം ഭൂമിയും ഏകദേശം 1100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ലഭ്യമാക്കും.

പദ്ധതിയുടെ തുടര്‍ച്ചയായി മേപ്പാടി പഞ്ചായത്തിലെ ഏഴാഞ്ചിറ പ്രദേശത്ത് കൂടി അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മറ്റൊരു 50 വീടുകളുടെ നിര്‍മ്മാണവും ആരംഭിക്കും. സര്‍ക്കാര്‍ സഹായം ലഭിക്കാതെ പുറത്തായ ദുരിതബാധിതരും പാടിയില്‍ താമസിച്ചിരുന്നവരുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട മണ്ണിന്റെ ഘടനാ പരിശോധനയും നീരൊഴുക്ക് പഠനവും പൂര്‍ത്തിയായിട്ടുണ്ട്. പരിസ്ഥിതി എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയ വീടുകളാണ് നിര്‍മ്മിക്കുന്നത്.

ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കിയ ഇളവുകള്‍ കോണ്‍ഗ്രസ് ഭൂമി ഏറ്റെടുക്കുമ്പോള്‍ ലഭിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

malayalampulse

malayalampulse