തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ ആദ്യ സഹായം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപ ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്ന് അനുവദിച്ചു.
കേരളം ആവശ്യപ്പെട്ടത് 2221 കോടി രൂപയായിരുന്നെങ്കിലും, അനുവദിച്ചത് ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ്. ദുരന്തമുണ്ടായി 14 മാസങ്ങൾക്ക് ശേഷമാണ് വയനാടിന് പ്രത്യേക സഹായം ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ദുരന്തത്തിൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നിരുന്നു. അതിന്റെ പുനർനിർമ്മാണത്തിനായാണ് ഈ തുക അനുവദിച്ചത്.
അതേസമയം, അസമിന് 1270.78 കോടി, ഉത്തരാഖണ്ഡിന് 1658.17 കോടി, ഹിമാചൽ പ്രദേശിന് 2006.40 കോടി രൂപയും നേരത്തെ കേന്ദ്രം അനുവദിച്ചിരുന്നു.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതോടൊപ്പം, വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് എംപിമാർ അമിത് ഷായെ നേരിൽ കണ്ടുമാണ് സഹായം ആവശ്യപ്പെട്ടത്.
കേരളം നേരത്തെ ദുരന്തനിവാരണത്തിനായി വായ്പയായി 529.50 കോടി, കൂടാതെ 153 കോടി രൂപയും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരുന്നു.
