ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ അടുത്തിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ 93,000 വ്യാജ വോട്ടുകൾ ചേർത്തുവെന്ന ആരോപണവും ചില വ്യക്തികളുടെ പേരിൽ പല ബൂത്തുകളിലും വോട്ട് ഉണ്ടെന്ന ഉദാഹരണങ്ങളും ഉന്നയിച്ചിരുന്നു.
ഏറനാട് മണ്ഡലത്തിലെ ‘മൈമൂന’ എന്ന പേരിൽ മൂന്നു ബൂത്തുകളിൽ വോട്ടുണ്ടെന്ന ആരോപണം ഒരു സ്വകാര്യ വാർത്താ ചാനലിന്റെ അന്വേഷണത്തിൽ പൊളിഞ്ഞു. മൂന്നു പേരും വ്യത്യസ്ത പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരാണെന്നും ഓരോർക്കും ഓരോ ബൂത്തിലേ വോട്ടുള്ളൂവെന്നും കണ്ടെത്തി.
കാവനൂർ: ബൂത്ത് 115, ക്രമനമ്പർ 778 കുഴിമണ്ണ: ബൂത്ത് 152, ക്രമനമ്പർ 541 അരീക്കോട്: ബൂത്ത് 135, ക്രമനമ്പർ 669
കൽപ്പറ്റയിലെ ചൗണ്ടേരി പ്രദേശത്ത് വ്യത്യസ്ത മതത്തിലുള്ളവർ ഒരേ വിലാസത്തിൽ താമസിക്കുന്നുവെന്ന ഠാക്കൂറിന്റെ ആരോപണവും തെറ്റാണെന്ന് പിന്നീട് വ്യക്തമായി. ‘ചൗണ്ടേരി’ വീട്ടുപേരല്ല, പഴയകാലത്തെ ചാമുണ്ഡേശ്വരി കുന്നിന്റെ പേരിൽ നിന്നുണ്ടായ ഒരു ദേശനാമമാണെന്നും ജാതി-മതഭേദമില്ലാതെ പ്രദേശവാസികൾ പേരിനോട് ചേർക്കുന്നുവെന്നുമാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
