മലപ്പുറം: മന്ത്രിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ‘വൈഫ് ഇൻ ചാർജ്’ പരാമർശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്വി. “ആരെയും അധിക്ഷേപിച്ചിട്ടില്ല, സമസ്തയുടെ ദൗത്യമാണ് ഞാൻ പറഞ്ഞത്” എന്നാണ് നദ്വിയുടെ വിശദീകരണം. പ്രസ്താവന വളച്ചൊടിച്ച് ചിലർ വിവാദമാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഉദ്യോഗസ്ഥരെപ്പറ്റിയാണ് ആദ്യം പറഞ്ഞത്. മന്ത്രിമാരെ പ്രോജക്ട് ചെയ്തിട്ടില്ല. പ്രസംഗത്തിൽ ആരെയെങ്കിലും അധിക്ഷേപിച്ചതായി തെളിയിക്കാൻ സാധിക്കില്ല” എന്നും നദ്വി വ്യക്തമാക്കി.
വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ നദ്വി തുറന്നടിച്ചു. “പാർവതിയെ അധിക്ഷേപിച്ചയാളല്ലേ ഉമർ ഫൈസി? അങ്ങേരാണ് ഇപ്പോൾ എനിക്ക് വിരുദ്ധമായി സംസാരിക്കുന്നത്” എന്നും അദ്ദേഹം വിമർശിച്ചു.
വൈഫ് ഇൻ ചാർജ് പരാമർശം സമസ്ത മുശാവറയിൽ ചർച്ച ചെയ്തിട്ടില്ലെന്നും, അധർമ്മത്തിനെതിരെ പ്രചാരണം നടത്തുകയെന്നത് സമസ്തയുടെ ദൗത്യമാണെന്നും നദ്വി വ്യക്തമാക്കി.
അതേസമയം, വിവാദ പ്രസ്താവനയെതിരെ ഉമർ ഫൈസി മുക്കം പ്രതികരിച്ചപ്പോൾ, “ജനപ്രതിനിധികളെ സംശയമുനയിലാക്കുന്ന പ്രസ്താവനയാണ് നദ്വി നടത്തിയിരിക്കുന്നത്. മുശാവറ അംഗം എന്ന നിലയിൽ വാക്കുകളിൽ സൂക്ഷ്മത പുലർത്തണം” എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത നേതൃത്വവും പരാമർശത്തിൽ നിന്നും അകന്നു നിന്നു. “സ്വകാര്യ കാര്യങ്ങൾ നോക്കുന്നത് സമസ്തയുടെ ദൗത്യമല്ല. ഇത് സമസ്തയുടെ ചർച്ചാവിഷയവുമല്ല” എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, നാസർ ഫൈസി കൂടത്തായി നദ്വിയെ പിന്തുണച്ച് രംഗത്തെത്തി. “ബഹുഭാര്യത്വത്തെ എതിർക്കുന്ന സാംസ്കാരിക നായകരിൽ പലർക്കും ഭാര്യയ്ക്ക് പുറമേ കാമുകിമാരും ഉള്ളവരല്ലേ? നദ്വിയുടെ വാക്കുകൾ തെറ്റായി കാണേണ്ടതില്ല” എന്നും അദ്ദേഹം പറഞ്ഞു.
