തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദവും സംസ്ഥാനത്തെ കാലാവസ്ഥയെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
മുഴുവൻ സംസ്ഥാനത്തും 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവരും തീരദേശവാസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്നലെ കൊച്ചിയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. എം.ജി റോഡ്, കലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതത്തിൽ തടസ്സം നേരിട്ടു. താമരശ്ശേരി ചുരത്തും കനത്ത ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസ്സത്തിനിടെ നിയന്ത്രണം വിട്ട ഒരു കാർ അഴുക്ക് ചാലിലേയ്ക്കു വഴുതി വീണെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
