തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. അടിവസ്ത്രത്തിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം ‘സെൻട്രൽ ജയിലിലേയ്ക്ക് സ്വാഗതം’ എന്നെഴുതിയ ഫ്ലെക്സ് ആണ് ഉയർത്തിയത്.
പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് ആന്റണി രാജുവിനെ പരിഹസിച്ചുള്ള ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. തൊണ്ടിമുതൽ തിരിമറി കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് പ്രതിഷേധവും പരിഹാസവും ശക്തമായത്.
കോടതി വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. കുറ്റക്കാരനാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കിയതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും, അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശും പ്രതികരിച്ചു. “ആന്റണി രാജുവിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയതാണ് സംസ്ഥാന സർക്കാർ. അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ പൊയ്‌മുഖമാണ് കോടതി വിധിയിലൂടെ പൊളിഞ്ഞു വീണത്. സർക്കാർ ജനങ്ങളോട് മാപ്പ് പറയണം,” എന്നും എം.ടി. രമേശ് പറഞ്ഞു.
എന്നാൽ, കോടതി വിധിക്ക് ശേഷം ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിക്കാതെ മാറിനിൽക്കുകയായിരുന്നു.
