മാധ്യമ പ്രവർത്തകനായ മുഹമ്മദ് സുബൈറാണ് ഈ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്.
ഹൈദരാബാദ്: ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസത്തിൽ യോയോ ടിവിയിലെ ചാനൽ ചർച്ചയ്ക്കിടെ ഉണ്ടായ അടിപിടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെയാണ് ബിജെപി, കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിലേക്ക് വഴിമാറിയത്.
മാധ്യമ പ്രവർത്തകനായ മുഹമ്മദ് സുബൈർ എക്സിൽ പങ്കുവച്ച വീഡിയോയിൽ, തെലുങ്കിൽ നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം വ്യക്തമല്ലെങ്കിലും ശക്തമായ അടിപിടിയാണ് സ്റ്റുഡിയോയിൽ നടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് ഡസ്‌കിൽ ശക്തമായി മുട്ടിച്ചത് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചു. പിന്നാലെ ബിജെപി നേതാവ് എണീറ്റുവന്ന് കോൺഗ്രസ് നേതാവിനെ തള്ളിയിടുകയും, തുടർന്ന് ക്രുദ്ധനായ കോൺഗ്രസ് നേതാവ് തിരിച്ചടിക്കുകയും ചെയ്തു. സ്റ്റുഡിയോയിൽ ഉണ്ടായ കലഹത്തിൽ പാനലിസ്റ്റുകളുടെ കസേരകൾ മറിഞ്ഞ് കലാപാവസ്ഥ സൃഷ്ടിക്കപ്പെട്ടുവെന്ന് ദൃശ്യങ്ങൾ കാണിക്കുന്നു.
സംഘർഷം കനക്കുന്നതിനിടെ മീഡിയേറ്റർ ആയിരുന്ന ജേണലിസ്റ്റ് തലയിൽ കൈവച്ച് ഞെട്ടലോടു കൂടിയിരിക്കുന്നതും വീഡിയോയിൽ ശ്രദ്ധേയമാണ്. അവസാനം ചാനൽ ജീവനക്കാർ ഇടപെട്ട് ഇരുവരെയും വേർതിരിച്ചുമാറ്റുന്നതോടെ വീഡിയോ അവസാനിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
