സാൻ ഫ്രാൻസിസ്കോ: യുഎസിൽ പ്രതിമാസം നാലംഗ കുടുംബം പലചരക്ക് സാധനങ്ങൾക്കായി ചെലവഴിക്കുന്ന തുക വെളിപ്പെടുത്തി ഒരു ഇന്ത്യക്കാരി. സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന ഷിവീ എന്ന യുവതിയാണ് താനുൾപ്പെടുന്ന വെജിറ്റേറിയൻ കുടുംബത്തിന്റെ ചെലവുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഓഗസ്റ്റ് മാസത്തെ വീട്ടുചെലവുകളാണ് അവർ “ഷിവീ ടോക്സ്” എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. “നാലംഗ വെജിറ്റേറിയൻ കുടുംബത്തിൻ്റെ പ്രതിമാസ ഗ്രോസറി ബിൽ” എന്ന ക്യാപ്ഷനോടെയാണ് റീൽ പങ്കുവെച്ചത്.
ഷിവീയുടെ വിശദീകരണം പ്രകാരം,
ഇന്ത്യൻ ഗ്രോസറി സ്റ്റോറുകളിലും ഓൺലൈനിലും നിന്ന് 225 ഡോളർ വിലവരുന്ന സാധനങ്ങൾ, കോസ്റ്റ്‌കോയിൽ നിന്ന് (ഓൺലൈൻ) 154 ഡോളർ, പാലിനും പച്ചക്കറികൾക്കും സേഫ്‌വേ, ട്രേഡർ ജോസ് സ്റ്റോറുകളിൽ നിന്ന് 351 ഡോളർ, ഫാർമേഴ്‌സ് മാർക്കറ്റിൽ നിന്ന് പഴങ്ങളും പാലും വാങ്ങാൻ 120 ഡോളർ, കൂടാതെ മറ്റ് ആവശ്യങ്ങൾക്ക് 10% അധികം.
ഇങ്ങനെ ചേർത്താൽ, ആകെ 935 ഡോളർ (ഏകദേശം ₹77,000) ചെലവായെന്നാണ് ഷിവീ പറഞ്ഞത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. ചിലർ ഷിവീയുടെ ജീവിതശൈലിയെ പ്രശംസിച്ചപ്പോൾ, മറ്റുചിലർ ചെലവ് വിമർശിച്ചു. ചിലർ അവരുടെ സംസ്ഥാനത്തെ ചെലവുകളും താരതമ്യം ചെയ്തു. മിഷിഗണിൽ താമസിക്കുന്ന ഒരാൾക്ക് മാത്രം 600 ഡോളർ വരുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, മിനസോട്ടയിലെ മറ്റൊരു കുടുംബം 2000 ഡോളറിലധികം ചെലവാകുന്നുവെന്ന് പറഞ്ഞു.
