‘പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയിരുന്നു, തെരഞ്ഞെടുപ്പിൽ ജനം ഷോക്ക് ട്രീറ്റ്‌മെന്‍റ് നൽകി’ തോമസ് ഐസക്

ആലപ്പുഴ: പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. പാര്‍ട്ടി തീരുമാനിച്ചാല്‍ ആര് ചോദിക്കാന്‍ എന്ന ഭാവമായിരുന്നു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ എന്നും തോമസ് ഐസക് പറഞ്ഞു. ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജംഗ്ഷന് സമീപം സിപിഐഎം വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിക്ക് നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങളുടെ മുന്നില്‍ വിനയത്തില്‍ നില്‍ക്കണം. ജനങ്ങള്‍ പറയുന്നതെല്ലാം ശരിയാകണമെന്നില്ല. പക്ഷെ അവര്‍ പറയുന്നത് കേള്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷോക്ക് ട്രീറ്റ്‌മെന്റ് ആണ് ജനം നല്‍കിയത്. വലിയ തിരിച്ചടിയാണ് ഉണ്ടായത്. തോറ്റത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം എന്നും തോമസ് ഐസക് പറഞ്ഞു.

മുന്‍കാലങ്ങളില്‍ ഉണ്ടായതിനേക്കാള്‍ വലിയൊരു തെരഞ്ഞെടുപ്പ് തിരിച്ചടിയെ അഭിമുഖീകരിക്കുന്ന കാലമാണ്. നമ്മള്‍ ബിജെപിയുമായി ഡീല്‍ ഉണ്ടെന്ന് കേരള ജനതയെ വിശ്വസിപ്പിച്ചില്ലേ. അത് പറഞ്ഞല്ലേ നമ്മുടെ കുറച്ച് വോട്ട് തട്ടിയെടുത്തത്. കള്ള പ്രചാരണമല്ലേയെന്നും തോമസ് ഐസക് പറഞ്ഞു.
സഹകരണ ബാങ്കുകളിലെ അഴിമതി ഉള്‍പ്പെടെ തിരിച്ചടിയായി, തിരുത്തണം. നമ്മള്‍ നന്നായി എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. പാര്‍ട്ടിയെ ജനം വെറുത്തിട്ടില്ല. എഴുതി തള്ളിയിട്ടുമില്ലെന്നും തോമസ് ഐസക് പറഞ്ഞു. വിജയിക്കാനായി യുഡിഎഫ് ജാതിയും മതവുമെല്ലാം ഫലപ്രദമായി ഉപയോഗിച്ചു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കേരളത്തില്‍ മികച്ച വിജയം നേടുമെന്നും തോമസ് ഐസക് പറഞ്ഞു.

malayalampulse

malayalampulse