തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി രംഗത്ത്.
21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണെന്നും, എന്നാൽ ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. “ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മറുപടി പറയാമെന്നാണ് കരുതിയത്, പക്ഷേ ഇപ്പോൾ മറുപടി പറയേണ്ടി വന്നു,” എന്നും അദ്ദേഹം പറഞ്ഞു.
“മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ട്. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയതും ഞാനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചുവെന്ന് എല്ലാവരും പഴിച്ചു,” — ആന്‍റണി പറഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, പിന്നീട് നിലപാട് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
“മാറാട് സംഭവത്തിലും അതീവ ദുഃഖമുണ്ട്,” എന്നും ആന്‍റണി കൂട്ടിച്ചേർത്തു.
ശിവഗിരി വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “1995-ൽ ശിവഗിരിയിൽ നടന്ന സംഭവങ്ങൾ എനിക്ക് ഏറ്റവും വേദനാജനകമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനെ അയച്ചത്. കോടതി ഉത്തരവ് വന്നിട്ടും അധികാര കൈമാറ്റം നടന്നില്ല. കോടതി അവഹേളന നടപടി ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ടത്,” — എന്നും അദ്ദേഹം വ്യക്തമാക്കി.
