നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; പിന്തുണയുമായി മഞ്ജു വാര്യർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് നടൻ പൃഥ്വിരാജ് പങ്കുവെച്ചു. കേസിന്റെ തുടക്കം മുതൽ തന്നെ അതിജീവിതയ്‌ക്കൊപ്പമാണെന്ന നിലപാട് സ്വീകരിച്ചിരുന്ന പൃഥ്വിരാജ്, അവരുടെ വാക്കുകൾ സമൂഹമാധ്യമത്തിലൂടെ കൂടുതൽ പേർക്ക് എത്തിക്കുകയായിരുന്നു.

കേസിൽ വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത പൊതുവേദിയിൽ പ്രതികരിക്കുന്നത്. “ഈ വിധി പലർക്കും നിരാശയുണ്ടാക്കിയിരിക്കാം. എന്നാൽ എനിക്ക് ഇതിൽ അത്ഭുതമില്ല” എന്നാണ് അവരുടെ പ്രതികരണം. ഈ നീണ്ട നിയമപോരാട്ട യാത്രയിൽ തനിക്കൊപ്പം നിന്ന എല്ലാ മനുഷ്യത്വമുള്ള മനുഷ്യരെയും നന്ദിയോടെ ചേർത്തുപിടിക്കുന്നുവെന്നും അവർ കുറിച്ചു.

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞുവെന്നും, ആ തിരിച്ചറിവ് നൽകിയതിന് നന്ദിയുണ്ടെന്നും അതിജീവിത വ്യക്തമാക്കുന്നു. കേസിൽ തന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും, കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് പ്രോസിക്യൂട്ടർമാർ രാജിവെച്ചതെന്നും അവർ പറഞ്ഞു. നിതിപൂർവമായ വിചാരണയ്ക്കായി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ആവർത്തിച്ച് ഉന്നയിച്ചെങ്കിലും, പ്രതിഭാഗം ജഡ്ജിക്ക് വേണ്ടി രംഗത്തെത്തിയതോടെ എല്ലാം വ്യക്തമായെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിന് പിന്നാലെ, അതിജീവിതയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരും സമൂഹമാധ്യമത്തിൽ പ്രതികരണം പങ്കുവെച്ചു. “കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തവർ, അവർ ആരായാലും, ഇന്നും പുറത്തു സ്വതന്ത്രമായി നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്” എന്നാണ് മഞ്ജുവിന്റെ പ്രതികരണം.

“ഇത് ഒരാളിനുവേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും വേണ്ടിയുള്ള പോരാട്ടമാണ്. തൊഴിൽസ്ഥലങ്ങളിലും തെരുവുകളിലും ജീവിതത്തിലുടനീളം ഭയമില്ലാതെ തല ഉയർത്തി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം” എന്നും മഞ്ജു വാര്യർ കുറിച്ചു.

malayalampulse

malayalampulse