തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് ആരോപിച്ച് കെഎസ്‌യു പൊലീസിൽ പരാതി നൽകി. തൃശൂർ ജില്ലാ കെഎസ്‌യു പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിനുശേഷം സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും, അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നെന്ന ആരോപണം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണ് കെഎസ്‌യുവിന്റെ പരാതി. സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് കോൺഗ്രസും എൽഡിഎഫും ആരോപിക്കുന്നത്.
വിജയിച്ച സ്ഥാനാർഥി സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ, ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ ഇവരുടെ പേരുകളില്ലെന്നും, അവർ സ്ഥിരതാമസക്കാരല്ലെന്നതിന് ഇതാണ് തെളിവെന്നും ടാജറ്റ് ആരോപിച്ചു.
