50 ദിവസം കൊണ്ട് 21 പദ്ധതികൾ നടപ്പാക്കുമെന്നും മേയർ അറിയിച്ചു
കൊച്ചി: കോർപ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 50 ദിന കർമപദ്ധതി നടപ്പിലാക്കുമെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ അറിയിച്ചു. 50 ദിവസത്തിനുള്ളിൽ 21 പദ്ധതികൾ നടപ്പിലാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും മേയർ പറഞ്ഞു.
തീവ്ര കൊതുക് നിവാരണ യജ്ഞത്തിന് പ്രഥമ പരിഗണന നൽകും. വിശപ്പ് രഹിത കൊച്ചിയെന്ന ലക്ഷ്യത്തോടെ ഇന്ദിരാ കാന്റീനുകൾ ആരംഭിക്കും. തെരുവുനായ നിയന്ത്രണത്തിനായി പ്രത്യേക പദ്ധതി നടപ്പിലാക്കും.
ക്ലീൻ കൊച്ചി ക്യാംപയിൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ഭക്ഷ്യമാലിന്യ സംസ്കരണത്തിനായി പുതിയ പ്ലാന്റ് സ്ഥാപിക്കും. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനായി എല്ലാ മാസവും ‘ടോക്ക് വിത്ത് മേയർ’ പരിപാടി സംഘടിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി.
നഗരത്തിന്റെ ശുചിത്വം, ആരോഗ്യം, സാമൂഹികക്ഷേമം, പൊതുജന പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്ന സമഗ്ര വികസനമാണ് 50 ദിന കർമപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോർപ്പറേഷൻ അറിയിച്ചു.
