ശബരിമല സ്വർണക്കൊള്ള കേസ്; സ്വാഭാവിക ജാമ്യം ഗുരുതര വിഷയമെന്ന് കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുറ്റപത്രം നൽകാൻ വൈകുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇടയാക്കുന്നുവെന്നും ഇത് ഗുരുതരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യം പൊതുജനങ്ങളിൽ സംശയം സൃഷ്ടിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിൽ പൊലീസ് പ്രതി ചേർത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനം. പ്രതികൾക്ക് എങ്ങനെയാണ് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. മിക്ക പ്രതികളും ഏകദേശം 90 ദിവസം റിമാൻഡിൽ കഴിയുമ്പോഴും കുറ്റപത്രം സമർപ്പിക്കാത്തതുമൂലമാണ് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കുറ്റപത്രം സമയബന്ധിതമായി സമർപ്പിച്ചാൽ സ്വാഭാവിക ജാമ്യം തടയാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം, കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഫെബ്രുവരി 10ന് പത്മകുമാറിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി നൽകാനാണ് പത്മകുമാറിന്റെ നീക്കം.
ഇതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം ലഭിച്ചിരുന്നു. മുരാരി ബാബുവിന് കർശന ഉപാധികളോടെയാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
