ഗ്യാനേഷ് കുമാറും സംഘം ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കും; ഏപ്രിലില്‍ പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് 15-നകം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ഏപ്രില്‍ രണ്ടാം വാരം കേരളത്തില്‍ ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാകുന്നതിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതസംഘം ഈ മാസം അവസാനം കേരളം സന്ദർശിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കമ്മീഷണർമാരായ ഡോ. സുഖ്വിന്ദർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും ഉണ്ടാകും. രാഷ്ട്രീയ പാർട്ടികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും.

മാർച്ച് 15ന് മുമ്പായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുൻ വർഷങ്ങളിലെ രീതിപോലെ ഏപ്രിൽ മാസത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. ഏപ്രിൽ രണ്ടാം വാരത്തിൽ തന്നെ കേരളത്തിൽ പോളിംഗ് നടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

റംസാൻ, ഈസ്റ്റർ, വിഷു, ദുഃഖവെള്ളി എന്നിവയുള്‍പ്പെടെയുള്ള ആഘോഷങ്ങളും സ്കൂൾ പരീക്ഷകളും വേനൽച്ചൂടും പരിഗണിച്ചായിരിക്കും അന്തിമ തീയതി നിശ്ചയിക്കുക. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിന്യാസവും സ്ഥലംമാറ്റവും ഫെബ്രുവരി 28നകം പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്ത് ജോലി ചെയ്തവരെയും സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരെയും ചുമതലകളിൽ നിന്ന് മാറ്റും.

കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര സേനയുടെ വിന്യാസം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും കമ്മീഷൻ പ്രത്യേകമായി വിലയിരുത്തും. വോട്ടർ പട്ടികയുടെ അന്തിമ പുതുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതോടെ സംസ്ഥാനവും തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി സജ്ജമാകുകയാണ്.

malayalampulse

malayalampulse