ദുബായ്: യുഎസ്–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ നിന്ന് വിവിധ വിമാന സർവീസുകൾ റദ്ദാക്കി. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച നിരവധി പേർ കുടുങ്ങി. കുടുങ്ങിയവരിൽ മലയാളികളുടെ പ്രിയഗായകൻ ബിജു നാരായണനും ഉൾപ്പെടുന്നു.
ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ ബോർഡ് ചെയ്തിരുന്നെങ്കിലും പിന്നീട് സർവീസ് റദ്ദാക്കിയതായി പൈലറ്റ് അറിയിച്ചതായി അദ്ദേഹം പ്രതികരിച്ചു.
ബോർഡിംഗ് സമയത്ത് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും, ഏകദേശം ഒന്നര മണിക്കൂറോളം വിമാനത്തിനുള്ളിൽ കഴിഞ്ഞ ശേഷമാണ് സർവീസ് റദ്ദാക്കിയതായി അറിയിച്ചതെന്നും ബിജു നാരായണൻ വ്യക്തമാക്കി.
“വാർത്തകൾ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. ഇനി എപ്പോഴാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയുക എന്നത് വ്യക്തമല്ല. രാത്രി 12 മണിവരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്നവരിൽ 90 ശതമാനവും മലയാളികളായിരുന്നു. എല്ലാവരെയും വിമാനത്തിൽ നിന്ന് ഇറക്കി,” – ബിജു നാരായണൻ.
ദുബായിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കിയതായി പൈലറ്റ് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് Dubai Media Office അറിയിച്ചു. ഇറാനിയൻ ആക്രമണത്തെ തുടർന്നാണ് ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നത്.
