തിരുവനന്തപുരം: പൊള്ളുന്ന വേനൽച്ചൂടിൽ ഫാനും എയർ കണ്ടീഷണറുകളും കൂടുതൽ സമയം പ്രവർത്തിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത്തവണ വേനൽക്കാലത്തിലെ ഈ പതിവ് മാത്രമല്ല, എൽപിജി പ്രതിസന്ധിയും ചേർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ വൈദ്യുതി ഉപയോഗം ഗണ്യമായി വർദ്ധിച്ചു. നിലവിലെ പ്രവണത തുടർന്നാൽ അടുത്ത വൈദ്യുതി ബിൽ വരുമ്പോൾ മലയാളികൾക്ക് വലിയ ആഘാതമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പീക്ക് സമയത്തെ ഉപയോഗം കൂടുന്നതിന് പുറമേ പാചകവാതക പ്രതിസന്ധി രൂക്ഷമായതും വൈദ്യുതി ഉപയോഗം ഉയരാൻ കാരണമായി. എൽപിജി ലഭ്യത കുറഞ്ഞതോടെ വീടുകളിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാചക ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചു.
ഇൻഡക്ഷൻ കുക്കറുകളാണ് പല വീടുകളിലും കൂടുതൽ ഉപയോഗിക്കുന്നത്. ഇവ പ്രവർത്തിപ്പിക്കാൻ വലിയ അളവിൽ വൈദ്യുതി ആവശ്യമാണ്. കൂടാതെ മൈക്രോവേവ് ഓവൻ, ഹോട്ട് പ്ലേറ്റ്, എയർ ഫ്രയർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും കൂടിയിട്ടുണ്ട്.
ഈ ആഴ്ചയിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണിത്.
മുൻ വർഷങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചതോടെ താപനില കുറയുകയും ചൂടിന് വ്യത്യാസം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ചൂട് ശക്തമായി തുടരുന്നതും എൽപിജി പ്രതിസന്ധി അപ്രതീക്ഷിതമായി രൂക്ഷമായതും ചേർന്നതോടെ വൈദ്യുതി ഉപഭോഗം കൂടുതൽ ഉയരുന്ന സാഹചര്യമാണ്.
